തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്ന പോലെയാണെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഒറ്റുകാരും കള്ളന്മാരും കോണ്‍ഗ്രസിനെ നയിക്കണ്ട എന്നെഴുതിയ പോസ്റ്ററുകളുമുണ്ട്.
കനത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ ഉയര്‍ത്തുന്നത്. പലയിടങ്ങളിലും നേതാക്കളുടെ കോലം കത്തിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി ഡി.സി.സി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങള്‍ ശവപ്പെട്ടിയില്‍ ഒട്ടിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരാനിരിക്കെയാണ്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് സംബന്ധിച്ച വിവാദങ്ങളും അതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളും ഇന്ന് സമിതി ചര്‍ച്ച ചെയ്യും.
നേതൃമാറ്റം ആവശ്യപ്പെട്ട് യുവനേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മാറ്റം സംബന്ധിച്ച കാര്യങ്ങളും ഇന്ന് സമിതി ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. വിജയവാഡയില്‍ ആന്ധ്രപ്രദേശ് സംസ്ഥാന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുക്കാത്തത്.