ഇപ്പോള്‍ പ്രസിഡന്റായിരിക്കുന്ന വ്യക്തിക്ക് ഒരു ശതമാനം പിന്തുണപോലും ഉണ്ടാവണമെന്നില്ല; കോണ്‍ഗ്രസ് അധ്യക്ഷ തര്‍ക്കത്തില്‍ നിലപാടുറപ്പിച്ച് ഗുലാം നബി ആസാദ്
ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ മാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനകത്ത് ശക്തിപ്പെടുന്ന സാഹചര്യത്തില്‍ നിലപാട് ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
കോണ്‍ഗ്രസിനെ സജീവവും ശക്തവുമാക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും എന്നാല്‍ ‘അപ്പോയിന്റ്‌മെന്റ് കാര്‍ഡുകള്‍’ ലഭിച്ച് പദവിയില്‍ എത്തിയവര്‍ തങ്ങളുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുക്കയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആസാദ് നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങള്‍ക്ക് സ്ഥാനങ്ങള്‍ ഉണ്ടാവില്ലെന്ന് നിര്‍ദ്ദേശത്തെ എതിര്‍ക്കുന്ന
സംസ്ഥാന യൂണിറ്റ് പ്രസിഡന്റ്മാര്‍ക്കും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്കും നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടിയിലെ 51 ശതമാനം ആളുകളെങ്കിലും പിന്നിലുണ്ടാകുമെന്ന ഗുണമുണ്ടാകുമെന്നും ഇപ്പോള്‍ പ്രസിഡന്റാകുന്ന വ്യക്തിക്ക് ഒരു ശതമാനം പിന്തുണ പോലും ഉണ്ടായിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ അയച്ച കത്തില്‍ കോണ്‍ഗ്രസില്‍ അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും പറഞ്ഞിരുന്നു.
പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന നേതാക്കള്‍ളാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗം ചേരുന്നതിന് ഒരുദിവസം മുന്‍പാണ് കത്തയച്ച കാര്യം പുറത്തുവന്നത്. യോഗത്തില്‍ കത്ത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും നേതാക്കള്‍ തമ്മില്‍ കത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്ന തീരുമാനമുണ്ടായിട്ടും കത്ത് വിവാദം പാര്‍ട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക