| Friday, 19th April 2024, 3:18 pm

മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മരിച്ചവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി.

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ പോളിങ് സ്‌റ്റേഷനിലെ മരിച്ച മൂന്ന് വോട്ടര്‍മാരുടെ പേരില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീട്ടില്‍ വോട്ട് എന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കി എന്നാണ് ആരോപണം.

ഇവരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വോട്ടര്‍മാരും മരണപ്പെട്ടവരാണെന്ന് പോളിങ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഇത്തരത്തില്‍ മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയവരെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാകെ നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ 85 വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

അതിനിടെ, പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിങ്ങിനിടെ തിരിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു. ഒമ്പത് വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

കാസർകോടും മോക് പോളിങ്ങനിടെ തിരിമറി നടന്നതായി കഴിഞ്ഞദിവസം പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. വിവി പാറ്റുകൾ മുഴുവൻ എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരി​ഗണിക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷൺ വിഷയം ചൂണ്ടിക്കാട്ടിയത്.

Content Highlight: Application for vote on behalf of the dead; Congress filed a complaint with the Election Commission

We use cookies to give you the best possible experience. Learn more