കൊവിഡ്-19 ആപ്പും വെബ്‌സൈറ്റും ഒരുക്കി ആപ്പിള്‍
COVID-19
കൊവിഡ്-19 ആപ്പും വെബ്‌സൈറ്റും ഒരുക്കി ആപ്പിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 11:28 am

വാഷിംഗ്ടണ്‍: ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കൊവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന അപ്ലികേഷനും വെബ്‌സൈറ്റും നിര്‍മിച്ച് ആപ്പിള്‍. അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് ആപ്പും വെബ്‌സൈറ്റും നിര്‍മിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശങ്ങള്‍ ഉപയോക്താക്കളില്‍ കൃത്യമായി എത്തിക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

കൊവിഡ്-19 എന്നു പേരില്‍ പുറത്തിറങ്ങുന്ന ആപ്പില്‍ രോഗലക്ഷണങ്ങള്‍, ഉപയോക്താക്കളുടെ മേഖലയിലുളള കൊവിഡ് അപകട സാധ്യത തുടങ്ങിയ വിവരങ്ങളും സി.ഡി.സിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും സി.ഡി.സിയിലെ വിദഗ്ധര്‍ മറുപടി നല്‍കും. ഇതേ വിവരങ്ങള്‍ തന്നെ www.apple.com/covid19 എന്ന വെബ്‌സൈറ്റിലും ലഭിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലും, ആപ്പിളിന്റെ അല്ലാത്ത മറ്റു ഫോണുകളിലും, വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും ഈ വൈബ്‌സൈറ്റ് ലഭ്യമാവും.

നേരത്തെ കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി മാസ്‌കുകള്‍ അമേരിക്കന്‍ മെഡിക്കല്‍ രംഗത്തിന് നല്‍കിയതായി ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കൂക്ക് അറിയിച്ചിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കാലിഫോര്‍ണിയയിലെ ആപ്പിളിന്റെ ഹെഡ്ക്വാട്ടേര്‍സ് ഒരാഴ്ചയിലേറെയയായി അടച്ചിട്ടിരിക്കുകയാണ്.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായി. ഒരുലക്ഷത്തിനാലായിരം പേര്‍ക്കാണ് ശനിയാഴ്ച രാവിലെ വരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1700 പേര്‍ മരിക്കുകയും ചെയ്തു.

കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നൂറു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വെന്റിലേറ്ററുകള്‍ അമേരിക്കയില്‍ നിര്‍മിക്കപ്പെടുമെന്ന് പ്രസിഡന്റ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. ഇറ്റലിക്കു പിന്നാലെ സ്പെയിനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4858 പേരാണ് സ്പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകമാനം 595800 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 131000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 27324 ആയി.