ന്യൂയോര്‍ക്ക്: ട്രേഡ് യൂണിയന്‍ ആരംഭിക്കാന്‍ തയ്യാറെടുത്ത് ടെക്‌നോളജി ഭീമനായ ആപ്പിളിലെ തൊഴിലാളികള്‍. ന്യൂയോര്‍ക്കിലെ ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് റീട്ടെയില്‍ സ്റ്റോറിലെ തൊഴിലാളികളാണ് സംയുക്ത യൂണിയന്‍ വെബ്‌സൈറ്റ് രൂപീകരണവുമായി മുന്നോട്ട് പോകുന്നത്.
വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ ഇത്തരത്തില്‍ യൂണിയന്‍ രൂപീകരിക്കുന്ന ആപ്പിളിന്റെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ ആയിരിക്കും ന്യൂയോര്‍ക്കിലേത്.
വാഷിങ്ടണ്‍ പോസ്റ്റ് ആയിരുന്നു ആപ്പിളിലെ തൊഴിലാളി യൂണിയന്‍ രൂപീകരണത്തിന്റെ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
നാഷണല്‍ ട്രേഡ് യൂണിയനില്‍, വര്‍ക്കേഴ്‌സ് യുണൈറ്റഡില്‍ ചേരണമെന്ന് പറഞ്ഞുകൊണ്ട് ഫെബ്രുവരി 21ന് ആപ്പിളിന്റെ മാന്‍ഹട്ടന്‍ സ്റ്റോറിലെ തൊഴിലാളികള്‍ ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നെന്നും ദ പസഫിക് ഓര്‍ഗനൈസിങ് കമ്മിറ്റി പറഞ്ഞതായി ടെക്‌സ്പ്രൗട്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ അമേരിക്കയില്‍ ആപ്പിളിന് അംഗീകരിക്കപ്പെട്ട ട്രേഡ് യൂണിയനുകളൊന്നുമില്ല.
അതേസമയം തൊഴിലാളി യൂണിയനുകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് ആപ്പിളിന്റെ ഭാരവാഹികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏപ്രില്‍ ആദ്യവാരമായിരുന്നു യൂണിയന്‍ രൂപീകരിക്കാന്‍ വോട്ട് ചെയ്ത് ആമസോണിലെ തൊഴിലാളികള്‍ ചരിത്രം സൃഷ്ടിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ Amazon.com ഫെസിലിറ്റിയിലെ തൊഴിലാളികളായിരുന്നു യൂണിയന്‍ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. യു.എസില്‍ ആദ്യമായായിരുന്നു ഇത്.
തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്ന ആമസോണിന്റെ തൊഴില്‍ രീതികളെ കാലങ്ങളായി എതിര്‍ക്കുന്ന തൊഴിലാളികളുടേയും തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുന്നവരുടേയും വിജയമായായിരുന്നു ഈ സംഭവം വിലയിരുത്തപ്പെട്ടത്.
ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് കേന്ദ്രമായ ജെ.എഫ്.കെ8ലെ ജീവനക്കാര്‍ യൂണിയന്‍ രൂപീകരണ വിജയത്തിനായി നൂറുകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടി. റോയിട്ടേഴ്‌സിന്റെ കണക്കനുസരിച്ച് 2,131 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തെങ്കില്‍ യൂണിയന്‍ രൂപീകരണത്തിന് അനുകൂലമായി 2,654 വോട്ടുകള്‍ ലഭിച്ചു.
ക്രിസ്റ്റിയന്‍ സ്മോള്‍സ് ആണ് ആമസോണ്‍ ലേബര്‍ യൂണിയന്റെ പ്രസിഡന്റ്. കൊവിഡ് തുടങ്ങിയ സമയത്ത്, ആമസോണിന്റെ വെയര്‍ഹൗസുകളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷാ നടപടികളില്ല എന്ന് പരാതിപ്പെട്ട് സമരം സംഘടിപ്പിച്ചതിന് അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹം യൂണിയന്‍ രൂപീകരിക്കുന്നത്.
തൊഴിലാളികളുടെ യൂണിയന്‍ തകര്‍ക്കാന്‍ വേണ്ടി ആമസോണ്‍ വലിയ തുക ചെലവിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യൂണിയന്‍ പൊളിക്കാന്‍ ആമസോണ്‍ 4.3 മില്യണ്‍ ഡോളര്‍ ചിലവിട്ടു എന്നായിരുന്നു യു.എസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ലേബര്‍ റിപ്പോര്‍ട്ട്.
ജീവനക്കാരെ വിളിച്ചുകൂട്ടി യൂണിയനെതിരെ മീറ്റിംഗ് നടത്തിയും, പോസ്റ്റര്‍ ഒട്ടിച്ചും, ഇന്‍സ്റ്റഗ്രാം പരസ്യം, ഫോണ് കോള്‍, മെസേജിങ് തുടങ്ങി യൂണിയന്‍ തകര്‍ക്കാന്‍ 3200 ഡോളര്‍ ഒരു ദിവസം വേതനം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: Apple workers at the retail store in New York City are moving to form a united trade union