| Thursday, 10th September 2015, 9:47 am

ഐഫോണ്‍6എസ്, 6എസ് പ്ലസ് മോഡലുകള്‍ പുറത്തിറക്കി:വില്പന സെപ്റ്റംബര്‍ 25 മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആപ്പിള്‍ ഐ ഫോണിന്റെ പുത്തന്‍ പതിപ്പുകള്‍ അവതരിപ്പിച്ചു. ഐ ഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നിവയാണ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ടിം കുക്ക് അവതരിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് കുക്ക് ആപ്പിളിന്റെ പുതിയ മോഡലുകള്‍ പരിചയപ്പെടുത്തിയത്.

“കാഴ്ചയില്‍ പരിചയമുള്ളതുപോലെ തോന്നും, എന്നാല്‍ ഈ ഐഫോണുകളില്‍ എല്ലാം ഞങ്ങള്‍ മാറ്റിയിട്ടുണ്ട്.” എന്നാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് കുക്ക് പറഞ്ഞത്.

3ഡി ടച്ച് സ്‌ക്രീനാണ് പുതിയ ഐഫോണുകളുടെ പ്രധാന സവിശേഷത. അതായത് മൃദുവായി സ്പര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ഫങ്ഷന്‍ അല്ല കഠിനമായി സ്പര്‍ശിക്കുമ്പോള്‍ ലഭിക്കുക. സ്പര്‍ശനം എങ്ങനെയുള്ളതാണെന്നത് അനുസരിച്ചിരിക്കും അതിനെ തുടര്‍ന്നുണ്ടാവുന്ന മാറ്റം.

ഉദാഹരണത്തിന് ഒരു ഇമെയിലില്‍ മൃദുവായി സ്പര്‍ശിക്കുമ്പോള്‍ അതിന്റെ പ്രിവ്യൂ കാണാം. കുറച്ചുകൂടി ബലംകൊടുത്താണ് സ്പര്‍ശിക്കുന്നതെങ്കില്‍ ഇമെയില്‍ സന്ദേശം ഫുള്‍സ്‌ക്രീനില്‍ ഓപ്പണ്‍ ചെയ്തു കാണാം.

കുക്ക് പറഞ്ഞതുപോലെ കാഴ്ചയില്‍ മുന്‍ഗാമികളെപ്പോലെ തന്നെയാണ് ഇരുഫോണുകളും. എന്നാല്‍ തീര്‍ച്ചയായും പുതിയ മാറ്റങ്ങള്‍ ഉണ്ട്. ഐഫോണ്‍ 6ന് 8 മെഗാപിക്‌സല്‍ ക്യാമറയായിരുന്നെങ്കില്‍ ഐ ഫോണ്‍ 6എസിനുള്ളത് 12 മെഗാപിക്‌സല്‍ ക്യാമറയാണ്. അള്‍ട്രാ ഹൈ ഡെഫനിഷന്‍ 4k ഫോര്‍മാറ്റില്‍ വീഡിയോ എടുക്കാനും ഇവ കൊണ്ടു സാധിക്കും.

4.7 ഇഞ്ചാണ് 6എസിന്റെ വലുപ്പം. 6എസ് പ്ലസി ഫാബ്‌ലറ്റ് കാറ്റഗറിയില്‍ വരുന്നവയാണ്. ഇതിന് 5.5 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഇരു ഡിവൈസുകള്‍ക്കും കൂടുതല്‍ പവര്‍ഫുള്‍ ആയ പ്രൊസസ്സറുകളാണുള്ളത്.

സെപ്റ്റംബര്‍ 25 മുതലാണ് ഈ ഫോണുകളുടെ വില്പന ആരംഭിക്കുക. ഈ ശനിയാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം.

16 ജിബിയ്ക്ക് 649 ഡോളര്‍ (ഏകദേശം 43,000രൂപ)മുതലാണ് ഐഫോണ്‍ 6 എസിന്റെ വില ആരംഭിക്കുന്നത്. 64 ജിബിയ്ക്ക് 749ഡോളര്‍ (50,000രൂപ), 128 ജിബിയ്ക്ക് 849 ഡോളര്‍ (57,000രൂപ) എന്നിങ്ങനെയാണ് 6എസിന്റെ വില. ഐഫോണ്‍ 6എസ് മോഡലുകള്‍ക്ക് 100ഡോളര്‍ അധികം നല്‍കണം.

ഐപാഡ് പ്രോയും ആപ്പിള്‍ ടി.വിയും ചടങ്ങില്‍ കുക്ക് അവതരിപ്പിച്ചു. ഐ പാഡിനേക്കാള്‍ 22 മടങ്ങ് വേഗതയുമായാണ് ഐ പാഡ് പ്രോയുടെ വരവ്. 12.9 ഇഞ്ച് സ്‌ക്രീന്‍, നാല് സ്പീക്കര്‍ ഓഡിയോ, 10 മണിക്കൂര്‍ ബാറ്ററി അങ്ങിനെ പോകുന്നു ഐ പാഡ് പ്രോയുടെ പ്രത്യേകതകള്‍.

ആപ്ലിക്കേഷന്‍ സ്റ്റോറുമായാണ് ആപ്പിള്‍ ടിവി ഇറക്കിയിരിക്കുന്നത്. ആവശ്യാനുസരണം ടി.വി പരിപാടികള്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും. ആപ്പിള്‍ പെന്‍സിലും സ്മാര്‍ട് വാച്ചുകളും ഇതോടൊപ്പം പുറത്തിറക്കി. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പന്ന അവതരണ ചടങ്ങാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്നത്.

Latest Stories

We use cookies to give you the best possible experience. Learn more