| Saturday, 17th March 2012, 11:00 pm

ഐ പാഡ് 3 വില്‍പന ആരംഭിച്ചു; സ്‌റ്റോറുകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ആപ്പിള്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഐ പാഡ് 3 യുടെ വില്‍പന പത്ത് രാജ്യങ്ങളില്‍ ആരംഭിച്ചു. അമേരിക്കയില്‍ ആപ്പിള്‍ സ്റ്റോറുകളുടെ മുമ്പില്‍ കിലോമീറ്ററുകള്‍ നീളുന്ന ഉപയോക്താക്കളുടെ വരിയാണ്. കാനഡ, സിംഗപ്പൂര്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മ്യൂണിച്ച്, പാരിസ്, ലണ്ടന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെട്ടു.

ടോക്കിയോയിയും ഹോങ്കോംഗിലും ആപ്പിള്‍ സ്റ്റോറിനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ രാവിലെ എട്ടു മണിയോടെ തന്നെ ക്യൂ നിന്നത് കടയുടമകളെ അമ്പരപ്പിച്ചു. വില്‍പ്പന നികുതി ഒഴിവാകുമെന്നതിനാല്‍ ചൈനക്കാര്‍ പലരും ഹോങ്കോങ്ങില്‍ നിന്നാണ് ഐപാഡ് വാങ്ങിയത്. ഹോങ്കോങ്ങിന്റെ അതിര്‍ത്തി നഗരമായ ഷെന്‍സെന്നില്‍ നിന്ന് ഐ പാഡ് കള്ളക്കടത്ത് വഴി ചൈനയിലെത്തുന്നുണ്ട്. ബ്രാന്‍ഡ് നെയിമിനെച്ചൊല്ലിയുള്ള ആപ്പിള്‍ അധികൃതരും ചൈനയും തമ്മിലുള്ള തര്‍ക്കം കാരണം ചൈനയില്‍ വില്‍പന തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

അടുത്താഴ്ച 25 രാജ്യങ്ങളില്‍ കൂടി ഐപാഡ് എത്തും. 499 ഡോളറാണ് (25,043 രൂപ) ഐ പാഡിന് അമേരിക്കയിലെ വില. ഇന്ത്യയിലെത്തുമ്പോള്‍ വില ഇതിലും വര്‍ധിക്കുമെന്നതില്‍ സംശയമില്ല.

ഇതിനിടെ, ഐപാഡ് 2 ന്റെ വില 100 ഡോളര്‍ കുറഞ്ഞു. 2010ല്‍ പുറത്തിറങ്ങിയതു മുതല്‍ ഇതുവരെ 55 ദശലക്ഷം ഐ പാഡുകള്‍ ആപ്പിള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

ഐ പാഡ് 3യുടെ വില്‍പന ഉയരുന്ന സാഹചര്യത്തില്‍ ആപ്പിളിന്റെ ഓഹരി വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ആപ്പിളിന്റെ വിപണി മൂല്യം ഇപ്പോള്‍ 56,000 കോടി ഡോളര്‍ കടന്നു. ചരിത്രത്തിലാദ്യമായി ഓഹരിക്ക് 600 ഡോളര്‍ വരെ രേഖപ്പെടുത്തിയിരിക്കുകയാണ്. കമ്പനിയുടെ ഓഹരി വിലയില്‍ ഈ വര്‍ഷം 45 ശതമാനത്തിലധികം വര്‍ധനയുണ്ട്.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more