വാഷിങ്ടൺ: ഒരേ ജോലിക്ക് പുരുഷന്മാരെക്കാൾ കുറവ് ശമ്പളം സ്ത്രീകൾക്ക് നൽകുന്നതായി പരാതി. യു. എസ് ടെക് ഭീമൻ ആപ്പിളിനെതിരെയാണ് അവിടത്തെ സ്ത്രീ തൊഴിലാളികൾ രംഗത്ത് വന്നത്. ജീവനക്കാരായ ജസ്റ്റിന ജോംഗ്, ആമിന സൽഗാഡോ എന്നിവരാണ് ആപ്പിളിനെതിരെ പരാതി കൊടുത്തത്.
ഒരു ദശാബ്ദത്തിലേറെയായി ആപ്പിളിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളാണ് വ്യാഴാഴ്ച സാൻ ഫ്രാൻസിസ്കോയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കോർപ്പറേഷൻ്റെ എഞ്ചിനീയറിംഗ്, മാർക്കറ്റിംഗ്, ആപ്പിൾകെയർ ഡിവിഷനുകളിലുടനീളമുള്ള 12,000-ലധികം ജീവനക്കാരുടെ നേതൃത്വത്തിലാണ് പരാതി. ആപ്പിളിന്റെ പെർഫോമൻസ് ഇവാല്യൂവേഷൻ സിസ്റ്റത്തിലും വിവേചനമുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
‘എന്റെ അതേ ജോലി ചെയ്യുന്ന ആളുടെ ശമ്പളം ഒരിക്കൽ എന്റെ ശ്രദ്ധയിൽ പെട്ടു. അയാൾക്ക് എന്നെക്കാൾ ഏകദേശം 10,000 ഡോളർ കൂടുതൽ പ്രതിഫലം ലഭിക്കുന്നുണ്ടായിരുന്നു. ഇത് ശരിക്കും എന്നെ ഞെട്ടിച്ചു,’ പരാതിക്കാരിലൊരാൾ പറഞ്ഞു.
നേരത്തെയും ശമ്പള അസമത്വത്തെ കുറിച്ച് സ്ത്രീകൾ പരാതിപ്പെട്ടിരുന്നു. ആ സമയത്ത്, ആപ്പിൾ അന്വേഷണം നടത്തിയെങ്കിലും ഒരു മൂന്നാം കക്ഷിയുടെ അന്വേഷണത്തിൽ ശമ്പള വിടവ് ഉണ്ടെന്ന് കണ്ടെത്തുന്നത് വരെ അവരുടെ ശമ്പളം ഉയർത്താൻ കഴിയില്ലെന്ന് പറയുകയായിരുന്നു.
‘സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു ജോലിക്ക് ഒരേ വേതനം നൽകേണ്ടതുണ്ട്. സമാനമായ ജോലികൾ ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നൽകുന്നതിൽ ആപ്പിൾ പരാജയപ്പെട്ടത് ഒരിക്കലും ന്യായീകരിക്കപ്പെടാൻ പറ്റുന്ന സംഗതിയല്ല,’ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള അഭിഭാഷകനായ ജോ സെല്ലേഴ്‌സ് പറഞ്ഞു.
എന്നാൽ തങ്ങൾ ഒരു വിവേചനവും വേതനവ്യവസ്ഥയിൽ കാണിക്കുന്നില്ലെന്നും, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ഉചിതമായ കാര്യങ്ങൾ അതാത് സമയത്ത് എടുക്കാറുണ്ടെന്നും ആപ്പിൾ പറഞ്ഞു.