സാന്‍ഫ്രാന്‍സിസ്‌കോ: സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് സാഫല്യമായി ആപ്പിളിന്റെ ഐപാഡ് മിനി ഇന്ന് പുറത്തിറങ്ങും. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരിക്കും ഐപാഡ് മിനിയെ ലോകത്തിന് പരിചയപ്പെടുത്തുക.[]
അമേരിക്കന്‍ സമയം, രാവിലെ പത്തു മണിയോടെ ചടങ്ങ് ആരംഭിക്കുമെന്നാണ് സൂചന. ഇതോടെ ഏഴിഞ്ച് ടാബ്‌ലറ്റ് വിപണിയിലേക്ക് ഐപാഡ് മിനിയുമായി ആപ്പിള്‍ എത്തും. 2010 ല്‍ ആപ്പിള്‍ അവതരിപ്പിച്ച ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്. സ്‌ക്രീന്‍ വലിപ്പം കുറഞ്ഞ ഐപാഡുമായി ആപ്പിള്‍ അവതരിക്കുമെന്ന് മുമ്പ് പല തവണ അഭ്യൂഹം ഉയര്‍ന്നിരുന്നു.
199 ഡോളര്‍ മുതല്‍ വിലയുള്ള ഗൂഗിള്‍ നെക്‌സസ് 7, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ എന്നിവയോട് മത്സരിക്കാന്‍ പാകത്തിലായിരിക്കും ഐപാഡ് മിനി വിപണിയില്‍ എത്തുക. അതേസമയം, ഐപാഡ് മിനിയിലെ സാങ്കേതിക വിദ്യകളും സവിശേഷതകളും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഐപാഡിനേക്കാള്‍ കൂടുതല്‍ മെലിഞ്ഞതും വലുപ്പം കുറഞ്ഞതുമായിരിക്കും മിനിയെന്ന് തര്‍ക്കമില്ല.
7.85 ഇഞ്ചായിരിക്കും മിനിയുടെ മുഖത്തിന്റെ വലുപ്പം. അതായത് ഏഴിഞ്ച് ടാബ്‌ലറ്റുകളേക്കാള്‍ ചെറിയ വലുപ്പ വ്യത്യാസം മിനിയിലുണ്ടാകും. ലിക്വിഡ് ക്രിസ്‌റല്‍ ഡിസ്‌പ്ലേ ആയിരിക്കും മിനിയ്ക്കുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ മിനി പുറത്തിറക്കുന്ന ചടങ്ങിലായിരിക്കും ആപ്പിള്‍ വെളിപ്പെടുത്തുക. മൈക്രോസോഫ്റ്റിന്റെ സ്വപ്ന പദ്ധതിയായ സര്‍ഫേസ് ടാബ്‌ലറ്റിന്റെ വിലയ്ക്ക് തന്നെ ഐപാഡ് മിനിയും വിപണിയിലെത്തുമെന്നാണ് അഭ്യൂഹം.
ഐപാഡിന് 499 ഡോളറാണ് വില. ആപ്പിള്‍ സ്ഥാപകനായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ സ്വപ്നപദ്ധതിയായിരുന്നു ഐപാഡ് മിനി. എന്നാല്‍ ഐപാഡ് മിനിയുടെ വിപണിവില എന്തായിരിക്കുമെന്നത് സംബന്ധിച്ച് ആപ്പിള്‍ യാതൊരു സൂചനയും നല്‍കുന്നില്ല.