| Monday, 9th August 2021, 11:34 am

സ്വകാര്യത കാത്തുസൂക്ഷിക്കും; ഫോട്ടോ സ്‌ക്രീനിംഗ് ഫീച്ചര്‍ വിവാദത്തില്‍ വിശദീകരണവുമായി ആപ്പിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആപ്പിളിന്റെ പുതിയ ഫോട്ടോ സ്‌ക്രീനിംഗ് ഫീച്ചര്‍ വലിയ വിവാദമായിരുന്നു. സ്വകാര്യതയ്ക്കുമേലുള്ള ആപ്പിളിന്റെ കടന്നുകയറ്റമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിള്‍.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാനാണ് പുതിയ ഫീച്ചര്‍ എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഇത് മാതാപിതാക്കള്‍ക്കും പൊലീസിനും ഏറെ ഗുണകരമാവുമെന്നും ആപ്പിള്‍ പറയുന്നു.

മാസങ്ങള്‍ക്കുള്ളില്‍ ഓരോ ഐക്ലൗഡ് അക്കൗണ്ടിലേക്കും അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുണ്ടോ എന്ന് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പരിശോധിക്കുകയാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഇതുവഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയാല്‍ കമ്പനി തന്നെ അധികാരികളെ അറിയിക്കുമെന്നും ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂറല്‍ ഹാഷ് എന്നറിയപ്പെടുന്ന ഈ ടെക്നോളജി അടുത്തതായി പുറത്തിറങ്ങുന്ന ആപ്പിള്‍ ഐ.ഓ.എസ് 15ലും മാക് മോണ്‍ട്രിയിലും ഉണ്ടാവുമെന്നും ആപ്പിള്‍ അറിയിച്ചു.

പക്ഷേ ആപ്പിളിന്റെ ഈ നടപടിയില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് അപകടകരമായ നീക്കമാണെന്നും സര്‍ക്കാരുകള്‍ക്കും നിയമപാലകര്‍ക്കും ഈ നിരീക്ഷണ ടെക്‌നോളജി മുതലെടുക്കാന്‍ സാധിക്കെമെന്നും ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ക്രിപ്‌റ്റോഗ്രാഫി പ്രൊഫസറായ മാത്യു ഡി. ഗ്രീന്‍ ട്വീറ്റ് ചെയ്തു. വാട്സാപ്പ് മേധാവി വില്‍ ക്യാത്കാര്‍ട്ടും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ആപ്പിള്‍ പുതിയ ആശയം അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് ഉപയോക്താക്കളുടെ
സ്വകാര്യതയിലേക്ക് വലിയൊരു കടന്നുകയറ്റമായിരിക്കുമെന്ന ആരോപണം വ്യാപകമാണ്. ആപ്പിളിനെ പോലെ സ്വകാര്യതയ്ക്കു വേണ്ടി നിലനിന്ന ഒരു കമ്പനിയുടെ മലക്കം മറിച്ചില്‍ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതൊരു തെറ്റായ സമീപനമാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ സ്വകാര്യതയ്ക്ക് തിരിച്ചടിയാണെന്നും വില്‍ ക്യാത്കാര്‍ട്ട് ട്വീറ്റ് ചെയ്തു.

ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തിയാണ് പുതിയ നീക്കം നടത്തുന്നത് എന്നാണ് ആപ്പിളിന്റെ വാദം. തുടക്കത്തില്‍ ഫോട്ടോകളുടെ കൂട്ടത്തില്‍ കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ ഐക്ലൗഡിലേക്ക് അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നതെന്നാണ് ആപ്പിള്‍ പറയുന്നത്.

തങ്ങളുടെ പുതിയ നീക്കത്തെ എക്‌സ്പാന്‍ഡഡ് പ്രൊട്ടക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ എന്നാണ് ആപ്പിള്‍ പേരിട്ട് വിളിച്ചിരിക്കുന്നത്. ഐമെസേജിലും ഐക്ലൗഡിലും എത്തുന്ന ചിത്രങ്ങള്‍ പരിശോധിക്കണം എന്നാണ് ആപ്പിള്‍ ജീവനക്കാര്‍ക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഈ ഫീച്ചര്‍ അമേരിക്കയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. വോയ്സ് അസിറ്റന്റായ സിരിയിലും സേര്‍ച്ചിങ്ങിലും കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും ആപ്പിള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Apple’s Internal Memo Acknowledges ‘Misunderstandings’ About Its New Photo Screening Features

We use cookies to give you the best possible experience. Learn more