|

കെജ്‌രിവാളിന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി ആപ്പിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കാനുള്ള ഇ.ഡിയുടെ നീക്കത്തിന് തിരിച്ചടി. ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ കെജ്‌രിവാള്‍ വിസമ്മതിച്ചതോടെ ലോക്ക് നീക്കുന്നതിനായി ആപ്പിള്‍ കമ്പനിയെ സമീപിക്കുമെന്ന് ഇ.ഡി അറിയിച്ചിരുന്നു.

എന്നാല്‍ ഇ.ഡിയുടെ ആവശ്യം ആപ്പിള്‍ നിരസിച്ചെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ അനൗദ്യോഗികമായി ഇ.ഡി ആപ്പിളിനെ സമീപിച്ചിരുന്നു എന്നാണ് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക് നീക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ദല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ ഇ.ഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും കെജ്‌രിവാള്‍ നല്‍കിയിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഫോണില്‍ ഉണ്ടെന്നും അതിനാല്‍ ഫോണ്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇ.ഡിയെ ഉപയോഗിച്ച് എ.എ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം ചോര്‍ത്താനുള്ള ബി.ജെ.പിയുടെ നീക്കമാണ് ഇതെന്നാണ് പാര്‍ട്ടി ആരോപിച്ചത്.

മദ്യനയക്കേസില്‍ കെജ്‌രിവാളിന് പുറമേ ബി.ആര്‍.എസ് നേതാവ് കെ. കവിതയെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. എ.എ.പി നേതാക്കളില്‍ നിന്ന് 100 കോടി രൂപ വാങ്ങിയെന്നാണ് കവിതക്ക് എതിരെയുള്ള ആരോപണം.

Content Highlight:  Apple refuses ED’s ‘informal’ request to unlock Kejriwal’s iPhone