ആപ്പിള്‍ ഐഫോണ്‍ 8ഉം ഐഫോണ്‍ 8 പ്ലസും പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് പരാതികള്‍ ഉയര്‍ന്നത്. ഫോണുകള്‍ വീര്‍ക്കുന്നെന്നും പിളര്‍ന്നുപോകുന്നെന്നുമാണ് പരാതി.
തായ്‌വാനില്‍ നിന്നാണ് ആദ്യമായി ഇത്തരമൊരു പരാതി ഉയര്‍ന്നത്. ചാര്‍ജില്‍ ഇട്ടതിനുശേഷം തന്റെ ഐഫോണ്‍ 8 പിളര്‍ന്നുപോയെന്ന പരാതിയുമായി ഒരു യുവതിയായിരുന്നു മുന്നോട്ടുവന്നത്.
64 ജിബി റോസ് ഗോള്‍ഡ് ഐഫോണ്‍ 8 ആയിരുന്നു യുവതിയുടേത്. ഫോണിനൊപ്പം കിട്ടിയ കേബിളും അഡാപ്റ്ററും ഉപയോഗിച്ചുതന്നെയാണ് ചാര്‍ജ് ചെയ്തതെന്നാണ് യുവതി പറഞ്ഞത്.
“മൂന്നു മിനിറ്റിനുശേഷം ഫ്രണ്ട് പാനല്‍ വീര്‍ക്കുകയും അത് ഡിവൈസില്‍ നിന്നും പൂര്‍ണമായി തള്ളിവരികയും ചെയ്തു” എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.
ജപ്പാനില്‍ നിന്നും ഒരാള്‍ പിളര്‍ന്നുപോയ ഫോണിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ചൈന, കാനഡ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.
വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ആപ്പിള്‍ രംഗത്തെത്തിയിട്ടുണ്ട്. ” ഞങ്ങള്‍ ഇതറിഞ്ഞിട്ടുണ്ട്. കാര്യം പരിശോധിക്കുകയാണ്.” എന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 22നാണ് ഐഫോണ്‍ 8ഉം 8 പ്ലസും വിപണിയിലെത്തിയത്. ഇതിന്റെ വില്പന സംബന്ധിച്ച കണക്കുകള്‍ ആപ്പിള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞവര്‍ഷം സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 7 നെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ ബാറ്ററികള്‍ പൊട്ടുന്നുവെന്നായിരുന്നു പരാതി.