| Thursday, 10th September 2015, 1:25 pm

ടി.വി അല്ല ഇനി ആപ്പിള്‍ ടി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്


സ്മാര്‍ട്ട്‌ഫോണ്‍ വിപണിയും പി.സി വിപണിയും കയ്യടക്കി. ഇനിയും അവസാനിക്കുന്നില്ല ആപ്പിളിന്റെ വിസ്‌മയങ്ങള്‍. ഇന്നലെ കമ്പനി അവതരിപ്പിച്ച ആപ്പിള്‍ ടി.വിയെ “ന്യൂജനറേഷന്‍ ടി.വി” എന്നല്ലാതെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഐഫോണ്‍ സിക്‌സ് എസ് അവതരിപ്പിച്ച വേദിയിലാണ് ടി.വിയും ആപ്പിള്‍ അവതരിപ്പിച്ചത്. പഴയ ആപ്പിള്‍ ടി.വിയെക്കാള്‍ ഒരുപിടി പുതുമകളുമായാണ് പുതിയ വേര്‍ഷന്‍ എത്തുന്നത്.
ആപ്പിള്‍ ടി.വിയുടെ പ്രത്യേകതയെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം സി.ഇ.ഒ ടിം കുക്ക് തന്നെ ഇന്നലെ നല്‍കി. അതും ഒറ്റ വാചകത്തില്‍. “ടി.വിയുടെ ഭാവി ആപ്പുകളിലാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ് അദ്ദേഹം പറഞ്ഞ്. അതെ ആപ്പുകളുടെ സമാഹാരവുമായാണ്‌ ആഗോള ഇലക്ട്രോണിക് ഭീമന്‍ എത്തുന്നത്. സ്വന്തമായി ആപ്പ് സ്റ്റോര്‍, സ്വന്തം ടി.വി ഓപ്പറേറ്റിങ് സിസ്റ്റം പിന്നെ ഒരു സിരി റിമോട്ട്. ഇവയാണ് പുതിയ ആപ്പിള്‍ ടി.വിയുടെ ഭാവിയിലേക്കുള്ള കൈമുതല്‍. ഇനി ഓരോന്നിലേക്കും പോകാം.

ആപ്പ് സ്റ്റോര്‍

ഇത് ആപ്പിളാണ്. അപ്പോള്‍ തീര്‍ച്ചയായും മറ്റുള്ളവയില്‍ നിന്നും മികച്ചു നില്‍ക്കണം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റീവ് ജോബ് സിദ്ധാന്തത്തെ കൃത്യമായി പിന്തുടരുകയാണ് അദ്ദേഹത്തിന്റെ പിന്മുറക്കാരും. മറ്റു ടി.വികളിലൊന്നുമില്ലാത്തൊരു സംവിധാനം; ആപ്പ് സ്റ്റോറാണ് ആപ്പിള്‍ ടി.വിയുടെ പ്രധാന പ്രത്യേകത. നെറ്റ്ഫ്‌ളിക്‌സ്, ഹുലു, എച്ച്.ബി.ഒ, ഷോടൈം ആപ്പുകള്‍ എന്നിങ്ങനെ ആകെമൊത്തം ആപ്പ് മയം.

ഇതിലൂടെ സിനിമകളും പ്രോഗ്രാമുകളും നമ്മുടെ സൗകര്യത്തിനനുസരിച്ച് ആസ്വദിക്കാം. അധികം വൈകാതെ തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകള്‍ കൂടി ടി.വിക്കുള്ളിലാക്കാനാണ് ആപ്പിളിന്റെ തീരുമാനം. അപ്പോള്‍ കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും ചെയ്യുന്ന ഒരുപിടി കാര്യങ്ങളെല്ലാം ടി.വിയിലും ചെയ്യാമെന്നു ചുരുക്കം.

സിരി റിമോട്ട് (Siri Remote)

ടി.വി റിമോട്ടിനു പുറമെ ഒരു സിരി റിമോട്ട് കൂടിയുണ്ട് ആപ്പിള്‍ ടി.വിക്കൊപ്പം. ഗ്ലാസ് ടച്ച് സര്‍ഫസാണ് ഈ റിമോട്ടിനുള്ളത്. ആപ്പുകള്‍ക്കിടയിലൂടെയും മറ്റും മൗസ് ഉപയോഗിക്കും പോലെ ഈ റിമോട്ട് പ്രവര്‍ത്തിപ്പിക്കാം. ഗെയിമിങ്ങിനായി ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റര്‍ എന്നിവയും റിമോട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിരി റിമോട്ടുപയോഗിച്ച് ചാനലുകള്‍ക്കും പ്രോഗ്രാമുകള്‍ക്കുമായി സെര്‍ച്ച് ചെയ്യുകമാത്രമല്ല, കണ്ടുകൊണ്ടിരിക്കുന്ന പരിപാടി പോസ് ചെയ്യുക, റീവൈന്‍ഡ് ചെയ്യുക, സ്‌കിപ്പ് ചെയ്യുക എന്നിവയും ചെയ്യാം. ഒപ്പം കാലാവസ്ഥാ വിവരങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിരക്കുകള്‍, സ്‌പോര്‍ട്‌സ് സ്‌കോര്‍ബോഡ് എന്നിവയും ചെക്ക് ചെയ്യാം. പ്ലേബാക്ക് കണ്‍ട്രോളും ഓഫര്‍ചെയ്യുന്നു സിരി റിമോട്ടിലൂടെ ആപ്പിള്‍.

ആപ്പിള്‍ ടി.വി ഓപ്പറേറ്റിങ് സിസ്റ്റം

സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ് സിസ്റ്റം tvOSലാണ് ആപ്പിള്‍ ടി.വിയുടെ പ്രവര്‍ത്തനം. ഇത് തങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കിയെടുക്കുന്ന ആപ്പുകള്‍ നേരിട്ട് ഉപയോക്താക്കളിലേക്കെത്തിക്കാന്‍ കമ്പനിയെ സഹായിക്കും. എച്ച്ഡി ഗ്രാഫികിസുകളും ഈ ഒ.എസ് സപ്പോര്‍ട്ട് ചെയ്യും.
32 ജി.ബി മോഡലിന് 149 ഡോളറും(ഏകദേശം 9,000 രൂപ), 64 ജി.ബി മോഡലിന് 199 ഡോളറും(ഏകദേശം 13,000 രൂപ)ആണ്‌ ആപ്പിള്‍ ടി.വിയുടെ വില.

We use cookies to give you the best possible experience. Learn more