മുംബൈ: ആപ്പിള്‍ ഐഫോണ്‍ 5 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തും. ഐഫോണ്‍ 5 ന്റെ മൂന്നാം ബാച്ചിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, കാനഡ, യു.എസ്, ജര്‍മനി, എന്നീ രാജ്യങ്ങളാണ് ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ടാമത്തെ ബാച്ചില്‍ ആസ്ട്രിയ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, തുടങ്ങിയ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 12 നാണ് ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ അഞ്ചാമനായ ഐഫോണ്‍ 5 പുറത്തിറങ്ങിയത്. നൂറോളം രാജ്യങ്ങളിലാണ് ഐഫോണ്‍ 5 ലഭ്യമാകുക. ഐഫോണ്‍ 5 ന്റെ മുന്‍ഗാമിയായിരുന്ന ഐഫോണ്‍ 4എസ് 2011 നവംബര്‍ 25 നായിരുന്നു ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 2007 ല്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തെത്തുന്ന ആപ്പിള്‍ കുടുംബത്തിലെ ഇളമുറക്കാരനാണ് ഐഫോണ്‍ 5.[]
സാംസങ്ങുമായുള്ള പേറ്റന്റ് യുദ്ധത്തിന് ശേഷം ഇറങ്ങുന്നതാണെന്നും ഐഫോണ്‍ 5 ന്റെ പ്രത്യേകതയാണ്. ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഫോണിന്റെ രൂപഘടനയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ വിപണിയില്‍ ചൂട് പിടിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും ഏറെ പ്രത്യേകതകളോടെയാണ് ഐഫോണ്‍ 5 എത്തിയിരിക്കുന്നത് എന്നത് ആപ്പിള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്.
ആപ്പിള്‍ ഐഫോണ്‍ 5 പത്ത് പ്രധാന പ്രത്യേകതകള്‍:
** 4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 5 ന്റെ ഏറ്റവും വലിയ പ്രത്യേകത.
** ഭാരക്കുറവാണ് ഐഫോണ്‍ 5 നെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. 112 ഗ്രാമാണ് ഇതിന്റെ ഭാരം. ഐഫോണ്‍ 4എസ്സിനേക്കാള്‍ ഇരുപത് ശതമാനത്തോളം ഭാരക്കുറവുണ്ട് ഐഫോണ്‍ 5 ന്.
** ഐഫോണ്‍ 4എസിനേക്കാള്‍ പതിനെട്ട് ശതമാനം വണ്ണവും കുറഞ്ഞിട്ടുണ്ട്. 7.6 എം.എം ആണ് ഇതിന്റെ കനം.
** 8 മെഗാപിക്‌സല്‍ ക്യമറയുമായി എത്തുന്ന ഐഫോണ്‍ 5ന്റെ ലെന്‍സ് 4എസ്സിന്റേത് തന്നെയാണ്. അതേസമയം, 4ജി എല്‍.ടി.ഇ യാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അരണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കാവുന്നതാണ് ഐഫോണ്‍ ക്യാമറ.
** പൂര്‍ണമായും ഗ്ലാസും അലൂമിനിയവും ഉപയോഗിച്ചാണ് ഐഫോണ്‍ 5 നിര്‍മിച്ചിരിക്കുന്നത്. ഹോം പേജില്‍ അഞ്ച് നിരയായി ആപ് ഐക്കണുകള്‍ കാണാന്‍ സാധിക്കുമെന്നതും ഐഫോണ്‍ 5 ന്റെ മാത്രം പ്രത്യേകതയാണ്.
** വൈഡ് സ്‌ക്രീന്‍ ടെലിവിഷന് സമാനമായ രീതിയിലാണ് സ്‌ക്രീനിങ് ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ 4എസ്സിനേക്കാളും നാല് മടങ്ങ് വേഗതയില്‍ ഐഫോണ്‍ 5 ല്‍ നിന്നും ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും.
** എ6 ചിപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ മടങ്ങ് മികച്ച സി.പി.യു, ഗ്രാഫിക്‌സ്, എന്നിവയും ഐഫോണ്‍ 5 ല്‍ മാത്രം.
**പനോരമ മോഡും ഐഫോണ്‍ 5 ല്‍ ലഭ്യമാണ്. ചിത്രം എടുക്കുമ്പോള്‍ തന്നെ വീഡിയോ റെക്കോര്‍ഡിങ്ങും ചെയ്യാവുന്ന രീതിയിലാണ് ഐഫോണ്‍ 5 ന്റെ നിര്‍മാണം.
** വയര്‍ലെസ് ടെക്‌നോളജിയാണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്.
** സിറി ഉപയോഗിച്ച് ഫേസ്ബുക്ക് അപ്‌ഡേഷന്‍ നടത്താം. 40 മണിക്കൂര്‍ ലഭിക്കുന്ന മ്യൂസിക് പ്ലേയര്‍, 10 മണിക്കൂറുള്ള വീഡിയോ എന്നിവയും ഐഫോണ്‍ 5 ന്റെ മേന്മകളാണ്.
കറുപ്പ്, വെള്ള നിറങ്ങളിലാണ് ഐഫോണ്‍ 5 എത്തുന്നത്. വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ് കോങ്, ജപ്പാന്‍, സിങ്കപ്പൂര്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 21 ഓടെ എത്തും. വെള്ളിയാഴ്ച്ചമുതല്‍ ഐഫോണ്‍ 5 നായി ഓര്‍ഡര്‍ ചെയ്ത് തുടങ്ങാമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.
ഐഫോണ്‍ വിപണിയില്‍ വലിയൊരു തരംഗം തന്നെയായിരുന്നു ആപ്പിള്‍ ഐഫോണിന്റെ വരവ്. ഇന്ത്യക്കാരുടെ ആപ്പിള്‍ ഐഫോണ്‍ 5 എന്ന കാത്തിരിപ്പിന് ഇന്ന് വിരാമമാകും.