| Wednesday, 11th September 2024, 12:16 pm

ഡെഡിക്കേറ്റഡ് ക്യാമറ ബട്ടണുമായി ഞെട്ടിക്കാൻ ഐഫോൺ 16, മൂന്നായി മടക്കി പോക്കറ്റിൽ ഇടുന്ന ഫോണുമായി ചൈനീസ് കമ്പനി വാവെയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐഫോൺ സീരീസിലുള്ള ഫോണുകൾക്ക് എന്നും ആകാംക്ഷയോടെയാണ് ടെക് ലോകം കാത്തിരിക്കാറുള്ളത്. നാലു മോഡലുകളാണ് കഴിഞ്ഞ ദിവസം ആപ്പിൾ പുറത്തിറക്കിയത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് എന്നീ മോഡലുകളായിരുന്നു ആപ്പിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. മുൻ മോഡലുകളെ വെച്ച് നോക്കുമ്പോൾ വിലയിലും ഡിസൈനിലുമെല്ലാം പ്രകടമായ മാറ്റങ്ങൾ ഐഫോൺ 16ൽ കൊണ്ടുവന്നിട്ടുണ്ട്.

ക്യാമറ മൊഡ്യുൾ വെർട്ടിക്കിൾ രീതിയിൽ മാറ്റിയതാണ് ഐഫോൺ 16ൽ വന്ന പ്രധാന മാറ്റം. ആപ്പിളിന്റെ ഏറ്റവും പതിയ പവർ ഫുൾ ചിപ്പ് സെറ്റായ എ 18 ന്റെ കരുത്തിൽ പുറത്തിറങ്ങിയ ഐഫോൺ 16 ന് 6 .1 ഇഞ്ചു ഡിസ്പ്ലേയാണുള്ളത്.

പ്രധാനമാറ്റമായി വന്ന ഡെഡിക്കേറ്റഡ് ക്യാമറ ബട്ടൺ എല്ലാ മോഡലിലും കാണാൻ കഴിയില്ല. പ്രധാന ക്യാമറ 48 മെഗാപിക്സലിന്റേതാണ്. 12 എം.പിയുടെ ടെലിഫോട്ടോ ക്യാമറയും, 12 എം.പിയുടെ അൾട്രാ വൈഡ് ക്യാമറയും പുതിയ ഐഫോണിൽ വന്ന മാറ്റങ്ങളാണ്.

ആപ്പിളിന്റെ മറ്റ് ഗാഡ്ജറ്റുകളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐഫോൺ 15 പ്രൊയുടെ കഴിഞ്ഞ വർഷത്തെ വിലയെ അപേക്ഷിച്ച് ശ്രദ്ധേയമായ വിലക്കുറവാണ് 16 സീരീസിനുള്ളത്. ഇന്ത്യയിൽ ഐഫോൺ 16 പ്രൊ (128 ജി. ബി) യുടെ വില 1,19,900 മുതലാണ് ആരംഭിക്കുന്നത്.

എന്നാൽ ടെക് ലോകത്തെ ആവേശത്തിലാഴ്ത്തിയ ആപ്പിളിന്റെ പ്രഖ്യാപനത്തിന് ചെക്ക് വെച്ചിരിക്കുകയാണ് ചൈനീസ് ബ്രാൻഡായ വാവെയ്(Huawei). ഐഫോൺ 16 പുറത്തിറക്കിയ അതേദിനം തന്നെയാണ് വാവെയ് അവരുടെ ട്രൈ – ഫോൾഡായ മേറ്റ് എക്സ്.ടി അൾട്ടിമേറ്റ് പുറത്തിറക്കിയത്. സ്മാർട്ട്‌ ഫോൺ ചരിത്രത്തിലെ ആദ്യ ട്രിപ്പിൾ സ്ക്രീൻ ഫോൾഡബിളുമായാണ് വാവെയ് ടെക് ലോകത്തെ ഞെട്ടിച്ചത്.

റിലീസിന് മുമ്പ് തന്നെ ഏകദേശം 4 മില്ല്യണോളം ആളുകളാണ് വാവെയ് എക്സ്. ടി ബുക്ക് ചെയ്തിരിക്കുന്നത്. എന്നാൽ ഐഫോൺ 16നേക്കാൾ ഉയർന്ന വിലയിലാണ് വാവെയുടെ സ്മാർട്ട്‌ ഫോൺ പുറത്തിറങ്ങുന്നത്. ഇന്ത്യൻ രൂപ 2,35109.78 രൂപയ്ക്കാണ് വാവെയ് ട്രൈ ഫോൾഡായ മാർക്കറ്റിൽ ഇറങ്ങുന്നത്.

മടക്കി വെക്കാവുന്ന അഞ്ച് സ്ക്രീനുള്ള ഫോൺ വർഷങ്ങളുടെ പ്രായത്നത്തിന് ശേഷമാണ് കമ്പനി പുറത്തിറക്കുന്നത്. ആദ്യ ട്രിപ്പിൾ ഫോൾഡ് സ്മാർട്ട്‌ ഫോൺ എന്നതിന് പുറമേ ഏറ്റവും കനം കുറഞ്ഞതും വലുതുമായ ഫോൾഡബിൾ സ്മാർട്ട്‌ ഫോൺ എന്ന അവകാശവാദവും വാവെയ് മേറ്റ് എക്സ്. ടി അവകാശപ്പെടുന്നുണ്ട്.

50 എം. പി പ്രധാന ക്യാമറയും 12 എം. പി അൾട്രാ വൈഡ് ആംഗിൾ ലെൻസും 5.5x ഒപ്ടിക്കൽ സൂമോട് കൂടിയ 12 എം. പി ടെലിഫോട്ടോ ലെൻസുമുള്ള സ്മാർട്ട്‌ ഫോണിൽ 8 എം. പി സെൽഫി ക്യാമറയും വാവെയ് നൽകിയിട്ടുണ്ട്. 66 വാട്ട്സ് ഫാസ്റ്റ് വയേർഡ് ചാർജറും 50 വാട്ട്സ് വയർലെസ് ചാർജറും ഫോണിലുണ്ട്. യു. എസ് ബാൻ ഉള്ളതിനാൽ സ്വന്തം ചിപ്പ്സെറ്റിലാണ് മേറ്റ് എക്സ്. ടി പുറത്തിറങ്ങുന്നത്.

അതേസമയം ഐഫോൺ 16 ഇറങ്ങിയതിന് പിന്നാലെ ട്രോളുമായി സാംസങ് മുന്നോട്ട് വന്നിരുന്നു. ‘ഇത് മടക്കാൻ കഴിയുമ്പോൾ ഞങ്ങളോട് പറയൂ’ എന്നാണ് സാംസങ് അവരുടെ ഒഫീഷ്യൽ പേജിൽ പോസ്റ്റിട്ടത്. 2022ൽ ഇട്ട പോസ്റ്റായിരുന്നു ഇത്. ഐഫോൺ 16ന്റെ ലോഞ്ചിന് ശേഷം കമ്പനി വീണ്ടും ഇത് പങ്കുവെക്കുകയായിരുന്നു. ആപ്പിളിന്റെ ഒരു മടക്കുന്ന ഫോണിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സംസങ് പറയുന്നു. എന്നാൽ എല്ലാവർക്കുമുള്ള മറുപടിയായി ടെക് ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് വാവെയ് മുന്നോട്ട് വന്നത്.

Content Highlight: apple iPhone 16 and huawei mate xt ware launched

We use cookies to give you the best possible experience. Learn more