ന്യൂദല്‍ഹി: ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ഉപയോഗിക്കുന്ന ഐ.ഒ.എസിന്റെ വാര്‍ഷിക അപ്‌ഡേഷന്റെ ഭാഗമായി ആപ്പിള്‍ പുതിയ ചില പ്രത്യേകതകളോടു കൂടി ഐ.ഒ.എസ് 9 പുറത്തിറക്കി. ഐഫോണ്‍ 4എസിനു മുകളിലുള്ള സ്മാര്‍ട്ട്‌ഫോണുകളിലും, ഐപാഡ് 2 ന് മുകളിലുള്ള ടാബ് ലറ്റുകളിലും എല്ലാ ഐപാഡ് മിനി മോഡലുകളിലും അഞ്ചാം തലമുറ ഐപോഡ് ടച്ചിലും ഇത് പ്രവര്‍ത്തിക്കും.
ഐ.ഒ.എസ് 9 വരുന്നതോടെ ഐപാഡില്‍ ഒരേ സ്‌ക്രീനില്‍ നിരവധി ആപ്ലിക്കേഷനുകള്‍ കാണാനാവും. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ സൗകര്യം നേരത്തെ തന്നെ ലഭ്യമായിരുന്നു. ഐ.ഒ.എസ് 9ല്‍ പ്രവര്‍ത്തിക്കുന്ന ഐപാഡുകളില്‍ ഡ്രാഗ് ആന്റ് ഡ്രോപ് സംവിധാനം വഴി 50:50 ഫോര്‍മാറ്റിലും 70:30 ഫോര്‍മാറ്റിലുമായി രണ്ട് ആപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനാവും. എന്നാല്‍ ഈ സൗകര്യം ഐപാഡ് എയര്‍ 2,എയര്‍, മിനി3, മിനി2 എന്നീ ഐപാഡുകളില്‍ മാത്രമേ ലഭ്യമാകൂ.
ഐ.ഒ.എസ്സില്‍ ഉപയോഗിക്കുന്ന ആപ്പിള്‍ മാപ്പില്‍ ഇനി മുതല്‍ വാഹന ഗതാഗത ദിശകളും ലഭ്യമാകും. ഈ മാപ്പ് ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത ഇതില്‍ മള്‍ട്ടി മോഡല്‍ റൂട്ടിങ് ഉണ്ടെന്നുള്ളതാണ്. അതായത്. യാത്രക്കാര്‍ക്ക് തങ്ങളുടെ യാത്രാ മാര്‍ഗ്ഗം ബസ്സില്‍ നിന്നും ഇന്റര്‍സിറ്റി ട്രെയിനിലേക്കും മെട്രോ ട്രെയിനിലേക്കും മാറ്റാന്‍ സാധിക്കും. അതുപോലെ ആപ്പിള്‍ മാപ്പ്‌സിലെ ലൊക്കേഷന്‍ കാര്‍ഡുകള്‍ വഴി ആപ്പിള്‍ പേ (Apple pay) ലഭ്യമാകുന്ന റസ്‌റ്റോറന്റുകളും മറ്റുകടകളുടെയും സാന്നിധ്യം അറിയാന്‍ സാധിക്കും.
അതേസമയം സ്വന്തമായി ഒരു ന്യൂസ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനായി ഫ്‌ലിപ്പ്‌ബോര്‍ഡ്, ഗൂഗിള്‍ ന്യൂസ് സ്റ്റാന്റ് എന്നിവ ഉള്‍പ്പെടുത്താനും ആപ്പിള്‍ തീരുമാനിച്ചിട്ടുണ്ട്. ആപ്പിള്‍ ന്യൂസ് വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ സ്വഭാവമനുസരിച്ച് തിരഞ്ഞെടുത്ത് വായിക്കാനാകും. എന്നാല്‍ തുടക്കത്തില്‍ ഈ സൗകര്യം അമേരിക്കയിലും ബ്രിട്ടനിലും മാത്രമേ ഉണ്ടാവുകയുള്ളൂ.
അതേസമയം ഐ.ഒ.എസ് 9 ന്റെ “ലോ പവര്‍ മോഡ്” ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും 3 മണിക്കൂര്‍ കൂടുതല്‍ ബാറ്ററി ദൈര്‍ഘ്യം നല്‍കുമെന്നും ആപ്പിള്‍ പറഞ്ഞു. സാംസങ് എസ് നോട്ടിന്റെ മാതൃകയില്‍ നോട്ട്‌സ് ആപ്പും ആപ്പിള്‍ ഐഒഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈപ്പ് ചെയ്യുന്നതിനു പകരം ഈ ആപ്പുവഴി എഴുതാനും സാധിക്കും.
ഐഫോണ്‍ ഐപാഡ് ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുന്നതരത്തില്‍ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ആവശ്യമായി വരുന്ന ഫ്രീ സ്‌പേസും ആപ്പിള്‍ കുറച്ചിട്ടുണ്ട്. മുമ്പ് ഐ.ഒ.എസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് 4.6 ജി.ബി ആവശ്യമായി വന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 1.8 ആക്കി കുറച്ചിട്ടുണ്ട്. സ്‌പേസിന്റെ കാര്യത്തില്‍ ആപ്പിള്‍ നേരത്തെ പുറത്തിറക്കിയ ഐ.ഒ.എസ് 8 ഏറെ പഴികേട്ടിരുന്നു.
അതേസമയം ഐഫോണിലെ മൊബൈല്‍ പേമെന്റ് സൗകര്യമായ ആപ്പിള്‍ പേ ഇനിമുതല്‍ എട്ട് ബാങ്കുകളുടെ പിന്തുണയോടുകൂടി ബ്രിട്ടനിലും ലഭ്യമാകുമെന്നും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാസ്ബുക്ക് ആപ്ലിക്കേഷനെ വാളെറ്റ് എന്ന് പുനര്‍നാമകരണവും ചെയ്തിട്ടുണ്ട്.