| Tuesday, 1st March 2022, 9:09 am

മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ്; റഷ്യക്കെതിരെ ടെക് ഭീമന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഉക്രൈനില്‍ അധിനിവേശശ്രമങ്ങളും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ കടുത്ത നടപടികളുമായി ടെക്‌നോളജി ഭീമന്മാര്‍.

മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഇതിനോടകം തന്നെ റഷ്യക്കെതിരെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റിന്റെ പ്രസ്താവന വന്നത്. വിന്‍ഡോസ് ആപ്പ് സ്റ്റോറുകളില്‍ നിന്നും റഷ്യന്‍ സ്റ്റേറ്റ് ഓണര്‍ഷിപ്പിലുള്ള മാധ്യമമായ ആര്‍.ടി ന്യൂസിന്റെ മൊബൈല്‍ ആപ്പുകള്‍ മൈക്രോസോഫ്റ്റ് നീക്കം ചെയ്യും.

റഷ്യന്‍ സ്‌പോണ്‍സേര്‍ഡ് മാധ്യമങ്ങളില്‍ നിന്നും പരസ്യങ്ങളില്‍ നിരോധിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചു.

ആര്‍.ടി ന്യൂസിനും മറ്റ് റഷ്യന്‍ ചാനലുകള്‍ക്കും അവരുടെ വെബ്‌സൈറ്റുകളിലും ആപ്പിലും യൂട്യൂബ് വീഡിയോകളിലും പരസ്യങ്ങള്‍ ലഭിക്കുന്നത് ഗൂഗിളും നേരത്തെ തടഞ്ഞിരുന്നു. ഉക്രൈനുള്ളില്‍ ആര്‍.ടി ന്യൂസ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഗൂഗിള്‍ നിരോധിച്ചിട്ടുണ്ട്.

ലോകത്തെവിടെ നിന്നും ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങള്‍ തടഞ്ഞുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച മെറ്റ കമ്പനിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ റഷ്യന്‍ മാധ്യമങ്ങള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വരുമാനമുണ്ടാക്കുന്നതും നിരോധിച്ചുക്കൊണ്ടാണ് മെറ്റ പ്രതികരിച്ചത്

ഫേസ്ബുക്കിന് രാജ്യത്ത് നിയന്ത്രണമേര്‍പ്പെടുത്തിയ റഷ്യയുടെ നടപടിക്കെതിരായ തിരിച്ചടി കൂടിയായിട്ടായിരുന്നു മെറ്റയുടെ നടപടി.

ആര്‍.ഐ.എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍ക്കും ഫേസ്ബുക്കില്‍ വിലക്കുണ്ട്.

ഫാക്ട് ചെക്കര്‍മാരെയും കണ്ടന്റ് വാണിങ് ലാബലുകളും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണം എന്ന റഷ്യന്‍ അധികൃതരുടെ ആവശ്യം ഫേസ്ബുക്ക് നിരാകരിച്ചതോടെയായിരുന്നു റഷ്യ പ്ലാറ്റ്ഫോമിന് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആര്‍.ടി, സ്പുട്‌നിക് എന്നീ റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലറ്റുകളിലേക്കുള്ള ആക്‌സസിന് യൂറോപ്യന്‍ യൂണിയനില്‍ നിയന്ത്രണമേര്‍പ്പെടുത്താനും മെറ്റ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളും വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയും നാറ്റോ സഖ്യത്തിലെ യൂറോപ്യന്‍ രാജ്യങ്ങളുമടക്കമുള്ളവര്‍ സാമ്പത്തിക-വ്യാപാര-സഹകരണ മേഖലകളില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ക്ക് പുറമെയാണ് ഇപ്പോള്‍ സമൂഹമാധ്യമ-ടെക്‌നോളജി ഭീമന്മാരും പുടിന്റെ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Content Highlight: Major tech companies take tougher actions against Russia 

We use cookies to give you the best possible experience. Learn more