വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനിറങ്ങി വന്‍കിട ടെക് കമ്പനികള്‍.
ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സ്‌പേസ് എക്‌സ് തുടങ്ങി ടെക് രംഗത്തെ 97 കമ്പനികളാണ് ട്രംപിനെതിരെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ട്രംപിന്റെ നയങ്ങള്‍ അമേരിക്കയിലെ തങ്ങളുടെ ബിസിനസ് സാധ്യതകളെ തകര്‍ക്കുമെന്നാണ് ഹരജിയില്‍ കമ്പനികള്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ഉണ്ടാക്കിയിട്ടുള്ള ഉണര്‍വുകള്‍ ഓരോന്നും വ്യക്തമാക്കുന്ന അപ്പീല്‍ ഇന്നലെയാണ് നയന്‍ത്ത് സര്‍ക്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
നേരത്തെതന്നെ ഇത്തരമൊരു അപ്പീലിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കുകയായിരുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രധാനമായും ഐ.ടി കമ്പനികളാണ് വൈറ്റ്ഹൗസ് നയങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കമ്പനികളെയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ കുടിയേറ്റക്കാര്‍ വലിയ പങ്കാണ് വഹിച്ചതെന്നും അവരെ തടയുന്നത് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കുമെന്നും അപ്പീല്‍ മുന്നറിയിപ്പ് നല്‍കുന്നു.
സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ പരിശോധനകളും മറ്റും കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും ഹരജിയില്‍ കമ്പനികള്‍ വ്യക്തമാക്കി. നിയമനടപടിക്കു പുറമെ, മറ്റു പ്രതിഷേധമാര്‍ഗങ്ങളും ഈ കമ്പനികള്‍ ആലോചിക്കുന്നുണ്ട്.
മുസ്‌ലിം ഭീകരരില്‍ നിന്നും അമേരിക്കയെ രക്ഷിക്കാനെന്ന പേരിലാണ് ട്രംപ് ജനുവരി 27 ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.
ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് നിരോധിച്ചത്. ഇതിനൊപ്പം മറ്റേത് രാജ്യത്തു നിന്നുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ നിരോധനവും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയിലെ ഇരുന്നൂറോളം കമ്പനികള്‍ അഭയാര്‍ഥികളുടേതാണ്. ലോകോത്തര കമ്പനികള്‍ക്ക് പിന്നിലെല്ലാം പ്രവര്‍ത്തിക്കുന്നതും അഭയാര്‍ഥികള്‍ തന്നെ. ഗൂഗിളും ഫെയ്‌സ്ബുക്കും നേരത്തെ തന്നെ ട്രംപിന്റെ നയത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുകമ്പനികളും ഇവര്‍ക്കൊപ്പം ചേര്‍ന്നത്.
ട്രംപിന്റെ മുസ്ലിം വിരുദ്ധ, അഭയാര്‍ഥി, കുടിയേറ്റ വിരുദ്ധ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് സിലിക്കന്‍വാലിയില്‍ ഉയര്‍ന്നത്. പ്രത്യേകിച്ചും ടെക് ലോകം ശക്തമായി പ്രതിഷേധിച്ചു. ഇറാനില്‍ നിന്നു മാത്രം 12,000 വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ട്രംപിന്റെ നിരോധന പട്ടികയിലെ രാജ്യങ്ങളില്‍ നിന്നുള്ള പഠിച്ചുകൊണ്ടിരിക്കുന്ന, തൊഴിലെടുക്കുന്ന, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരൊക്കെ കടുത്ത ആശങ്കയിലാണ്. അമേരിക്കയില്‍ നിന്നും പുറത്തേക്കു പോയാല്‍ തിരിച്ചു വരാനാകുമോ എന്നാണ് ടെക്കികളുടെയും വിദ്യാര്‍ഥികളുടെയും പ്രധാന ആശങ്ക. അതുകൊണ്ടുതന്നെ വീട്ടുകാരെ കാണാനോ പഠന ആവശ്യങ്ങള്‍ക്കോ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ പോലും ഇവരാരും അമേരിക്ക വിട്ടു പോകുന്നില്ല.
നിലവില്‍ നിരോധിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ മാത്രമല്ല മറ്റു വിദേശികളും ട്രംപിന്റെ നീക്കത്തില്‍ ആശങ്കാകുലരാണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട തൊഴിലുകളാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നവ. പുറം രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ അമേരിക്കയ്ക്ക് അടിതെറ്റുമെന്നത് മറ്റൊരു വസ്തുത. നിലവില്‍ അഞ്ച് ലക്ഷത്തോളം കംപ്യൂട്ടര്‍ അനുബന്ധ തൊഴിലുകളാണ് അമേരിക്കയില്‍ പ്രതിവര്‍ഷം സൃഷ്ടിക്കപ്പെടുന്നത്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കംപ്യൂട്ടര്‍ സയന്‍സ് ബിരുദദാരികളായ അമേരിക്കക്കാരുടെ എണ്ണം 43,000 മാത്രമാണ്.