ബെംഗളൂരു: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ആപ്പിള്‍ നിര്‍മ്മാണ ഫാക്ടറി ആക്രമിച്ച സംഭവത്തില്‍ ഫാക്ടറിക്കതിരെ കര്‍ശന നടപടിയുമായി ആപ്പിള്‍. ആക്രമണം നടന്ന കര്‍ണാടകയിലെ വിസ്‌ട്രോണ്‍ കമ്പനി സപ്ലൈയര്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചെന്നാണ് ആപ്പിള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ജോലിസമയം കൃത്യമായ രീതിയില്‍ ക്രമീകരിക്കുന്നതില്‍ വിസ്‌ട്രോണിന് വീഴ്ച പറ്റിയെന്നും ആപ്പിള്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിസ്‌ട്രോണിന് പുതിയ നിര്‍മ്മാണ കരാറുകള്‍ നല്‍കില്ലെന്നും ആപ്പിള്‍ അറിയിച്ചു. കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ബാക്കി കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു.
ആപ്പിളിലെ ജീവനക്കാരും പുറത്തുനിന്നുള്ള ഓഡിറ്റര്‍മാരുമടക്കം വന്‍ സംഘത്തെയാണ് ആക്രമണം നടന്നതിന് പിന്നാലെ ആപ്പിള്‍ അന്വേഷണത്തിനായി നിയോഗിച്ചിരുന്നത്.
അതേസമയം ഇന്ത്യയിലെ വൈസ് പ്രസിഡന്റിനെ വിസ്‌ട്രോണ്‍ കമ്പനി പുറത്താക്കി. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയിരുന്നില്ലെന്ന് കണ്ടെത്തിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും വിസ്‌ട്രോണ്‍ അറിയിച്ചു. ഉടന്‍ തന്നെ ശമ്പളം വര്‍ധിപ്പിക്കുമെന്നും ബാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കമ്പനിയറിയിച്ചു.
നാല് മാസമത്തിലേറെ ശമ്പളം ലഭിക്കാതായതിനെ തുടര്‍ന്നായിരുന്നു ജീവനക്കാര്‍ ഫാക്ടറിക്ക് നേരെ തിരിഞ്ഞത്. തായ്‌വാന്‍ ആസ്ഥാനമായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയാണ് ആക്രമണം നടന്നത്. ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
ഐ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിളിനെതിരെ നടന്ന ആക്രമണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെയേറെ അസ്വസ്ഥനായിരുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘സംഭവത്തില്‍ ഞങ്ങള്‍ നടപടിയെടുത്തു. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിദേശ കമ്പനിയാണ്, ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഈ സംഭവവികാസത്തെക്കുറിച്ച് പ്രധാനമന്ത്രിയും വളരെയധികം ആശങ്കാകുലനാണ്,” യെദിയൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും എല്ലാത്തരം പിന്തുണയും നല്‍കുമെന്നും യെദിയൂരപ്പ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക