| Friday, 1st February 2019, 10:38 pm

ഗൂഗിളിന് 'ആപ്പിള്‍' വിലക്കേര്‍പ്പെടുത്തി; ഗൂഗിള്‍ മാപ്പ്, ഹാങ് ഔട്ട്, ജിമെയില്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: ചട്ടലംഘനം നടത്തിയതിന് ഗൂഗിളിനെ ചില ആപ്പ് ഡെവലപ്പ്മെന്റ് ടൂളുകളില്‍ നിന്നും ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍ മാപ്പ്, ഹാങ് ഔട്ട്, ജിമെയില്‍ ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചു.

ഗൂഗിളിന്റെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ മാത്രം ഉപയോഗിക്കുന്ന ജിബസ്, കഫേ ആപ്പ് തുടങ്ങിയവയും പ്രവര്‍ത്തന രഹിതമായി. ആപ്പിളിന്റെ ആപ്പ് വിതരണ നയം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് വയേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിനും 24 മണിക്കൂര്‍ നേരത്തേക്ക് ഇതേ രീതിയില്‍ ആപ്പിള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.


സ്ഥാപനങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ക്ക് ആപ്പിള്‍ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്. ഗൂഗിളിന്റെ ജിബസ്, കഫേ ആപ്പുകള്‍ ഇത്തരത്തിലുള്ളതാണ്. സാധാരണ ആപ്ലിക്കേഷനുകള്‍ക്ക് ഉണ്ടാവുന്ന പരിശോധനകള്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉണ്ടാവാറില്ല.

എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റിന് കീഴില്‍ ഗൂഗിള്‍ നിര്‍മിച്ച സ്‌ക്രീന്‍വൈസ് മീറ്റര്‍ ആപ്ലിക്കേഷന്‍ ഐഫോണ്‍ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനുള്ളതായിരുന്നു. ഫേസ്ബുക്കിന്റെ റിസര്‍ച്ച് ആപ്ലിക്കേഷനും സമാനമായ വിവരശേഖരണങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്കിനും ഗൂഗിളിനും എതിരെ ആപ്പിള്‍ നടപടി സ്വീകരിച്ചത്.


ആപ്പിളിന്റെ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന തെളിവുകളുണ്ട്. ആമസോണ്‍ പോലുള്ള കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ഈ സാഹചര്യത്തില്‍ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി ആപ്പിള്‍ പരിഷ്‌കരിക്കാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more