ഹോങ്കോംഗ്: വ്യാപാര മുദ്രയെച്ചൊല്ലി ചൈനയിലെ പ്രോവ്യൂ ടെക്‌നോളജിയും ആപ്പിളും തമ്മിലുള്ള നിയമതര്‍ക്കം കൂടുതല്‍ വഷളാവുകയാണ്. ചില്ലറ വ്യാപാരികളോട് അധികൃതര്‍ ഐപാഡ് വിതരണം നിര്‍ത്തിവെക്കാന്‍ പറഞ്ഞതിനു പിന്നാലെ ഐ പാഡ് ചൈനയില്‍ വില്‍ക്കേണ്ടെന്ന് ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണിനോട് ആപ്പിള്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണ്.
ആമസോണിന്റെ ചൈനീസ് സൈറ്റിനോടാണ് ഐ പാഡ് 2 വിന്റെ വിതരണം നിര്‍ത്തിവെക്കാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ചൈനയിലെ വ്യാപാരികള്‍ ഐ പാഡ് വില്‍പന നിര്‍ത്തിയിരിക്കുകയാണ്. കടയില്‍ നിരത്തിയിരിക്കുന്ന ഐപാഡുകള്‍ മാറ്റാന്‍ അധികൃതര്‍ ചില്ലറവ്യാപാരികളോടു നിര്‍ദേശിച്ചു. ഷാംഗ്ഹായ്, ക്വിംഗ്ദാവോ, സുവോഷു തുടങ്ങിയ വന്‍കിട നഗരങ്ങളിലും ആപ്പിള്‍ ഐപാഡ് ബഹിഷ്‌കരണം നടക്കുന്നുണ്ട്.
ചൈനയില്‍ നിര്‍മിക്കുന്ന ആപ്പിള്‍ ഐപാഡുകളുടെ കയറ്റുമതി തടയാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.