ന്യൂദല്‍ഹി: ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന. കര്‍ഷക കൊലയില്‍ വരുണ്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിവസേനയുടെ പ്രതികരണം.
എല്ലാ കര്‍ഷക സംഘടനകളും ഈ വിഷയത്തില്‍ വരുണ്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് പ്രമേയം പാസാക്കണമെന്ന് ശിവസേന പറഞ്ഞു.
”വിദ്വേഷം പരത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തിന് താങ്ങാനാവില്ല. വരുണ്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചെറുമകനും സഞ്ജയ് ഗാന്ധിയുടെ മകനുമാണ്. ലഖിംപൂരിലെ ഭീകരത കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ രക്തം തിളച്ചു, അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചു, ” പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ശിവസേന പറഞ്ഞു.
ലഖിംപൂരിലെ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ച് കയറ്റി 8 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കടുത്ത നിലപാടുമായി വരുണ്‍ ഗാന്ധി രംഗത്തുവന്നത്. കര്‍ഷക കൊലപാതകത്തില്‍ ബി.ജെ.പി നേതൃത്വം മൗനംപാലിച്ച് ഒളിച്ചിരിക്കുമ്പോഴായിരുന്നു വരുണിന്റെ പ്രതികരണം.
കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ ഇടിച്ചുകയറ്റുന്ന വീഡിയോ വരുണ്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഇതില്‍ നിന്ന് എല്ലാം വ്യക്തമാണെന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് വരുണ്‍ പ്രതികരിച്ചത്.
കൊന്നൊടുക്കിക്കൊണ്ട് പ്രതിഷേധത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രമാണെന്നും വരുണ്‍ പ്രതികരിച്ചിരുന്നു. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകള്‍ വീണ്ടും ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ദേശീയ ഐക്യത്തിന് മുകളിലായി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം താക്കീത് ചെയ്തിരുന്നു.