ന്യൂദല്‍ഹി: താജ്മഹലിന്റെ ശരിയായ ചരിത്രം വെളിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും ഇതുസംബന്ധിച്ച യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഡോ. രജനീഷ് സിങ്ങ് എന്നയാളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. താജ്മഹലിന്റെ ‘യഥാര്‍ത്ഥ ചരിത്രം’ പഠിക്കാന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ്മഹലെന്നാണ് പറയുന്നതെങ്കിലും ഇതിന് ശാസ്ത്രീയ തെളിവില്ലെന്നും ഹരജിയില്‍ പറയുന്നു.
ഷാജഹാനാണ് താജ് മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവരാവകാശ അപേക്ഷയില്‍ എന്‍.സി.ഇ.ആര്‍.ടി നല്‍കിയ മറുപടിയിലുള്ളതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ല ഇതെന്നുചൂണ്ടിക്കാണിച്ച് രജനീഷ് സിങ്ങിന്റെ ഹരജി നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, താജ്മഹലിന്റെ പേരുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ കഴിഞ്ഞ മസം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. താജ്മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
1983ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് ലോകാത്ഭുതങ്ങളിലൊന്നാണ് താജ്മഹല്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പത്‌നിയായ മുംതാസിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ചതാണ് താജ്മഹല്‍. ഇതിന്റെ പേര് മാറ്റണമെന്ന ആവശ്യം സംഘ്പരിവാര്‍ സംഘടനകള്‍ നേരത്തേയും ഉന്നയിച്ചിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുകയും കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യുന്ന ചരിത്ര സ്മാരകമാണ് താജ്മഹല്‍. 2019-2022 കാലയളവില്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുമാത്രം 132 കോടി രൂപ ലഭിച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1632ല്‍ പണി ആരംഭിച്ച് 1653-ല്‍ പൂര്‍ത്തിയാക്കി എന്നാണ് കണക്കാക്കപ്പെടുന്നത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് താജ്മഹലിന്റെ പ്രധാന ശില്‍പി.
Content Highlights: Appeal to the Supreme Court, there is no scientific proof that Shah Jahan built the Taj Mahal