ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രംഗത്ത്. ഇത് അഭിമാനപ്രശ്‌നമാക്കി എടുക്കരുതെന്ന് ഹര്‍ഷ് വര്‍ധന്‍ മമതയോട് അഭ്യര്‍ഥിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
‘കൈകൂപ്പിയാണ് ഞാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടു പറയുന്നത്, ഇതൊരു അഭിമാനപ്രശ്‌നമാക്കി എടുക്കരുതെന്ന്. തങ്ങള്‍ക്ക് ആവശ്യത്തിനു സുരക്ഷയൊരുക്കണമെന്നും തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മാത്രമാണ് ഡോക്ടര്‍മാര്‍ മമതയോട് ആവശ്യപ്പെട്ടത്. പക്ഷേ മമത അതു ചെയ്തില്ല. അതിനുപകരം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി. അതില്‍ രോഷംപൂണ്ടാണ് അവര്‍ സമരത്തിനിറങ്ങിയത്. മുഖ്യമന്ത്രി ശൈലി മാറ്റിയാല്‍ രാജ്യത്തെ രോഗികള്‍ വലയില്ല.’- അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
താനിന്ന് ഇതു സംബന്ധിച്ച് മമതയ്ക്കു കത്തെഴുതുമെന്നും അവരോടു സംസാരിക്കാന്‍ ശ്രമിക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പ്രതീകാത്മകമായി മാത്രം സമരം നടത്തി തങ്ങളുടെ ഡ്യൂട്ടി ചെയ്യണമെന്ന് ഡോക്ടര്‍മാരോട് അപേക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ആരോഗ്യമന്ത്രിമാര്‍ക്കും കത്തയക്കാനും മന്ത്രി ആലോചിക്കുന്നുണ്ട്.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ സമരത്തിന് പിന്തുണയുമായി ദല്‍ഹി എയിംസിലേയും സഫ്ദര്‍ജംഗിലേയും പട്നയിലേയും റായ്പൂരിലേയും രാജസ്ഥാനിലെയേും പഞ്ചാബിലേയും വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഡോക്ടര്‍മാരും ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് മൂന്ന് ദിവസം മുന്‍പ് കൈയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കി പ്രതിഷേധിക്കുന്നത്.
ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്ന് ആരോപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ഉച്ചയോടെ ജോലിക്ക് കയറണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലാത്ത പക്ഷം ശക്തമായ നടപടിയെടുക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മതിയായ സുരക്ഷ ഒരുക്കാതെ ജോലിക്കില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. ബംഗാളില്‍ സമരം തുടരുന്നതിനിടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്നത്.