മോദിയുടെ ഭൂമിയുടെ അവകാശി ജെയ്റ്റ്‌ലിയും; ദുരൂഹ ഭൂമിയുടെ വിവരം മറച്ച് വച്ച് 2007 ലെ സത്യവാങ്ങ്മൂലം: മോദിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി
national news
മോദിയുടെ ഭൂമിയുടെ അവകാശി ജെയ്റ്റ്‌ലിയും; ദുരൂഹ ഭൂമിയുടെ വിവരം മറച്ച് വച്ച് 2007 ലെ സത്യവാങ്ങ്മൂലം: മോദിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 7:21 pm

ന്യൂദൽഹി: ഭൂസ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. സാകേത് ഗോഖലെ എന്ന മുൻ മാധ്യമപ്രവർത്തകനാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. 2007ൽ മോദി സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ, സെക്ടർ ഒന്നിലെ പ്ലോട്ട് 411 തന്റെ ഉടമസ്ഥതയിൽ വസ്തുവാണെന്ന് കാണിച്ചിരുന്നു. എന്നാൽ 2012ലും, 2014ലും സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഇക്കാര്യം മറച്ചുവെക്കപ്പെട്ടിട്ടുണ്ടെന്ന് ക്യാരവാൻ മാസിക റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയായ ശേഷം, തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രസ്താവങ്ങളിലും മോദി ഇക്കാര്യം മറച്ചുവെന്നും ഗോഖലെ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ ഓരോ വർഷവും പുതുക്കുന്നതുമാണ്. എന്നാൽ സ്ഥലത്തിന്റെ പ്രമാണവും മറ്റ് രേഖകളും പരിശോധിക്കുമ്പോൾ മോദി തന്നെയാണ് ഈ സ്ഥലത്തിന്റെ ഉടമ എന്നും വ്യക്തമാകുന്നുണ്ട്. സാകേത് ഗോഖലെ ഹർജിയിൽ പറയുന്നു.

2012 മുതലുള്ള സത്യവാങ്മൂലങ്ങളിൽ, ഗാന്ധിനഗറിലുള്ള പ്ലോട്ട് 401/എ എന്ന പേരിലുള്ള ഭൂമിയുടെ നാലിലൊന്ന് ഭാഗം തന്റെ ഉടമസ്ഥതയിലാണെന്നും മോദി പറയുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു സ്ഥലം ഗാന്ധിനഗറിൽ ഇല്ലെന്നാണ് ഗുജറാത്ത് റവന്യു വകുപ്പിന്റൽ നിന്നുമുള്ള രേഖകൾ പരിശോധിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്. ഗോഖലെ തന്റെ ഹർജിയിലൂടെ പറയുന്നുണ്ട്.

എന്നാൽ, ഇതേ സ്ഥലത്തിന്റെ കാര്യം കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയിറ്റ്ലിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പരാമർശിക്കുന്നുണ്ട്. 2006ൽ ജെയിറ്റ്ലി സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ താൻ മാത്രമാണ് ഗാന്ധിനഗറിൽ സെക്ടർ ഒന്നിലുള്ള പ്ലോട്ട് 401ന്റെ ഉടമ എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യം പിന്നീടുള്ള സത്യവാങ്മൂലങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുമില്ല. ഈ ഭൂമി തനിക്ക് ലഭിച്ചത് ഒരു തഹസിൽദാർ വഴിയാണ് എന്നാണ് അരുൺ ജെയിറ്റ്ലി തന്റെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിൽ പറഞ്ഞിട്ടുള്ളത്. ലഭിച്ച വിവരമനുസരിച്ച് അരുൺ ജെയിറ്റ്ലി തന്നെയാണ് സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമ.