രുചിയോടെ നുണയാം ഈ അപ്പവും വീഞ്ഞും
D-Review
രുചിയോടെ നുണയാം ഈ അപ്പവും വീഞ്ഞും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2015, 1:47 pm

ലൈംഗികതയെ ആഘോഷമാക്കി മാറ്റുക വഴി സ്ത്രീ ശരീരത്തെ പരമാവധി ചൂഷണം ചെയ്യാനുള്ള ധാരാളം കഥാ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അവയില്‍ നിന്നകന്ന് ചിത്രത്തിന്റെ പൊരുളറിഞ്ഞ് ക്യാമറ ചലിപ്പിച്ച വേണുഗോപാലിനും തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ വിശ്വനും അഭിനന്ദനങ്ങള്‍.

Sooraj-KR

ഫിലിം റിവ്യൂ | സൂരജ്.കെ.ആര്‍

ചിത്രം: അപ്പവും വീഞ്ഞും
രചന,സംവിധാനം: വിശ്വന്‍
നിര്‍മ്മാണം: ഷൈന്‍ മടക്കല്‍, ടി.സി ബാബു തോട്ടുപുറം
അഭിനേതാക്കള്‍: രമ്യ കൃഷ്ണന്‍, സണ്ണി വെയ്ന്‍, പ്രതാപ് പോത്തന്‍
സംഗീതം: ഔസേപ്പച്ചന്‍
ഛായാഗ്രഹണം: വേണുഗോപാല്‍

“Body without mind is Brutish..” എന്ന ഡി.എച്ച് ലോറന്‍സിന്റെ തലവാചകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍ എന്ന നോവലുമായുള്ള അനിഷേധ്യ ബന്ധം സംവിധായകന്‍ കാലേകൂട്ടി വ്യക്തമാക്കുന്നു.

ആദ്യമേ പറയട്ടെ ഒരു “എ” പടം പ്രതീക്ഷിച്ച് തിയറ്ററില്‍ എത്തുന്നവര്‍ക്ക് അണ്ടി പോയ അണ്ണാന്റെ മുഖസാദൃശ്യമായിരിക്കും അപ്പവും വീഞ്ഞും കണ്ടിറങ്ങുമ്പോള്‍. എന്നാല്‍ ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന അല്‍പ്പം മന്ദ താളം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ രുചികരമായി അനുഭവപ്പെടും ഈ ചിത്രം.

ലൈംഗികതയെ ആഘോഷമാക്കി മാറ്റുക വഴി സ്ത്രീ ശരീരത്തെ പരമാവധി ചൂഷണം ചെയ്യാനുള്ള ധാരാളം കഥാ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അവയില്‍ നിന്നകന്ന് ചിത്രത്തിന്റെ പൊരുളറിഞ്ഞ് ക്യാമറ ചലിപ്പിച്ച വേണുഗോപാലിനും തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ വിശ്വനും അഭിനന്ദനങ്ങള്‍.

ഗോവയില്‍ നിന്നും തന്റെ ആവര്‍ത്തന വിരസമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന പോലെ കേരളത്തിലെ ഹൈറേഞ്ചില്‍ എത്തപ്പെടുന്ന ജൂഡ്. അവിടെ, ഒരു ബാറില്‍ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ടേബിളില്‍ റിസര്‍വ്ഡ് ബോര്‍ഡുമായി ഇരിക്കുന്ന ഫെര്‍ണാണ്ടസ്. മദ്യ ലഹരിയില്‍ സൗഹൃദം സ്ഥാപിക്കുന്ന ഫെര്‍ണാണ്ടസിലൂടെ പതിയെ അദ്ദേഹത്തിന്റെ ഔട്ട് ഹൗസിലെ താമസക്കാരനായി ജൂഡ് മാറുന്നു.

Appavum-veenjum-3ഗോവയില്‍ നിന്നും തന്റെ ആവര്‍ത്തന വിരസമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന പോലെ കേരളത്തിലെ ഹൈറേഞ്ചില്‍ എത്തപ്പെടുന്ന ജൂഡ്. അവിടെ, ഒരു ബാറില്‍ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ടേബിളില്‍ റിസര്‍വ്ഡ് ബോര്‍ഡുമായി ഇരിക്കുന്ന ഫെര്‍ണാണ്ടസ്. മദ്യ ലഹരിയില്‍ സൗഹൃദം സ്ഥാപിക്കുന്ന ഫെര്‍ണാണ്ടസിലൂടെ പതിയെ അദ്ദേഹത്തിന്റെ ഔട്ട് ഹൗസിലെ താമസക്കാരനായി ജൂഡ് മാറുന്നു.

ഇവരുടെ പകല്‍-രാത്രി സൗഹൃദങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ചാര്‍ളി ചാപ്ലിന്റ “സിറ്റി ലൈറ്റ്‌സി”നെ അനുസ്മരിപ്പിക്കും. തന്റെ ഭൂതകാലത്തെ ഒരു തരത്തില്‍ ഗൃഹാതുരതയോടെ സ്‌നേഹിക്കുകയും എന്നാല്‍ പതിനാറു വര്‍ഷക്കാലം മുമ്പ് തന്റെ ഭാര്യയ്ക്ക് തന്റെ ഒരു സുഹൃത്തുമായി ഉണ്ടായിരുന്ന അവിഹിത പ്രണയ ബന്ധം കാരണം തകര്‍ന്ന ദാമ്പത്യം ഇന്നും വീടിന്റെ രണ്ടു കോണുകളിലായി തുടരുകയുമാണ് ഫെര്‍ണാണ്ടസ്.

ഒരു ത്രില്ലര്‍ എന്ന അവസ്ഥയിലേക്കാണ് ചിത്രത്തിന്റെ അവസാന നിമിഷങ്ങള്‍ എത്തുന്നത് എന്നതു കൊണ്ട് തന്നെ കഥയെ പറ്റി കൂടുതല്‍ പറയാന്‍ നിര്‍വാഹമില്ല. കടന്നുവരുന്ന സ്ത്രീകളില്‍ മിക്കവരെയും അവിഹിതങ്ങളുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന തിരക്കഥയോട് ശക്തമായി വിയോജിക്കുന്നു. നാടകീയമായ ചില സംഭാഷണ ശകലങ്ങളും അലോസരം സൃഷ്ടിക്കുന്നുണ്ട്.

Appavum-veenjumഇതിനിടെ ജൂഡും മെര്‍ലിനുമായി പതിയെ അടുക്കുന്നു. അങ്ങനെ മലയാളം പണ്ടു കണ്ടു മറന്ന ശരപഞ്ജരത്തിന്റെ കഥാഗതിയിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തുന്നുണ്ട് സിനിമ. ജൂഡുമായി ചേര്‍ന്ന് ഒരു മ്യൂസിക് ബാന്റ് ഉണ്ടാക്കുകയും ചീട്ടു കളിയും വേട്ടയുമൊക്കെയായി നഷ്ടപ്പെട്ട പലതും തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഫെര്‍ണാണ്ടസിന്റെയും അടക്കിവച്ച ആഗ്രഹങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന മെര്‍ലിന്റെയും ജീവിതങ്ങളെ ജൂഡ് എന്ന വ്യക്തിയുമായി പല കാണാച്ചരടുകളാല്‍ ശേഷം ബന്ധിപ്പിച്ചു നിര്‍ത്തുന്നു സംവിധായകന്‍.

ഒരു ത്രില്ലര്‍ എന്ന അവസ്ഥയിലേക്കാണ് ചിത്രത്തിന്റെ അവസാന നിമിഷങ്ങള്‍ എത്തുന്നത് എന്നതു കൊണ്ട് തന്നെ കഥയെ പറ്റി കൂടുതല്‍ പറയാന്‍ നിര്‍വാഹമില്ല. കടന്നുവരുന്ന സ്ത്രീകളില്‍ മിക്കവരെയും അവിഹിതങ്ങളുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന തിരക്കഥയോട് ശക്തമായി വിയോജിക്കുന്നു. നാടകീയമായ ചില സംഭാഷണ ശകലങ്ങളും അലോസരം സൃഷ്ടിക്കുന്നുണ്ട്.

ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ പേരില്‍ നിവിന്‍ പോളി ആഘോഷിക്കപ്പെടുമ്പോള്‍, വിജയങ്ങളായില്ലെങ്കിലും സാരഥിയും അപ്പവും വീഞ്ഞും പോലെ കാമ്പുള്ള സിനിമകളിലൂടെയും സ്വതസിദ്ധമായ അഭിനയശൈലി കൊണ്ടും ഓര്‍മ്മിക്കപ്പെടേണ്ട പേരു തന്നെയാണ് സണ്ണി വെയ്‌നും.

Appavum-veenjum-Sunny-vaineപടിഞ്ഞാറിന്റെ ചെറുകഥകളോടും വിന്റേജ് കാല സിനിമകളോടും അനന്യമായ സാമ്യമുണ്ട് തിരക്കഥയ്ക്കും അവതരണത്തിനും. അഭിനേതാക്കള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. അരക്കിറുക്കന്‍ ഫെര്‍ണാണ്ടസായ പ്രതാപ് പോത്തനും മെര്‍ലിനായ രമ്യ കൃഷ്ണനും മികച്ചു നില്‍ക്കുന്നു. ജൂഡിന്റെ നിഗൂഢ ഭാവങ്ങളെ സണ്ണി വെയ്ന്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരായി ശ്വേത മേനോനും സുനില്‍ സുഖദയും മിതത്വ ഭാവങ്ങളിലൊതുങ്ങി. ഫെര്‍ണാണ്ടസിന്റെ മകളായി വന്ന രേഷ്മ റാത്തോറും അമിതമായില്ല. സംഗീതത്തിനും ഏറെ പ്രാധാന്യം ഉണ്ടെങ്കിലും ഔസേപ്പച്ചന്റെ ഗാനങ്ങള്‍ പ്രമേയത്തോട് ഇഴുകിച്ചേരുന്നില്ല. എന്നാല്‍ ബീറ്റില്‍സില്‍ നിന്നും കടമെടുത്ത പാട്ടുകള്‍ സിനിമയുടെ ആകപ്പാടെയുള്ള വിഷാദഛായയ്ക്ക് ആക്കം കൂട്ടാന്‍ സഹായിക്കുന്നു.സമൃദ്ധമായ ദൃശ്യങ്ങളെ അര്‍ത്ഥവത്തായി ഒപ്പിയെടുത്ത ക്യാമറയും സിനിമയ്ക്ക് കാവ്യാത്മക സൗന്ദര്യം കൈവരുത്തുന്നുണ്ട്.