| Wednesday, 11th January 2023, 2:53 pm

സാറ്റ്‌ലൈറ്റ് വാല്യു കടയില്‍ വാങ്ങാന്‍ കിട്ടുന്ന സാധനമല്ലല്ലോ, വെറുതെ വീട്ടിലിരുന്നാല്‍ കിട്ടില്ല: അപ്പാനി ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാറ്റ്‌ലൈറ്റ് കടയില്‍ വാങ്ങാന്‍ കിട്ടുന്ന സാധനമല്ലെന്ന് നടന്‍ അപ്പാനി ശരത്. ഒരു സിനിമ തിയേറ്ററില്‍ മികച്ചതായി കഴിയുമ്പോള്‍ പ്രേക്ഷകരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് അതിനെ വിജയിപ്പിച്ച് കഴിയുമ്പോളാണ് ഒരു നടന്‍ ഉണ്ടാകുന്നതെന്നും അതുവഴിയാണ് അയാള്‍ക്ക് സാറ്റ്‌ലൈറ്റ് വാല്യു കിട്ടുന്നതെന്നതെന്നും ശരത് പറഞ്ഞു. വീട്ടിലിരുന്നാല്‍ ഇതൊന്നും നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സിനിമയില്‍ ഗോഡ്ഫാദറില്ലെന്നും ഓഡീഷനിലൂടെയാണ് സിനിമയില്‍ അവസരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. അഭിനയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും നല്ല സിനിമകളില്‍ ചിലപ്പോള്‍ ശമ്പളമില്ലാതെ വരെ അഭിനയിക്കുമെന്നും താരം പറഞ്ഞു. കാക്കിപ്പട എന്ന സിനിമയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരത്.

‘ഈ സാറ്റ്‌ലൈറ്റ് വാല്യു എന്ന് പറയുന്ന സാധനം കടയില്‍ പോയി വാങ്ങാന്‍ കിട്ടുന്നതല്ലല്ലോ. ഒരു സിനിമ തിയേറ്ററില്‍ പെര്‍ഫോം ചെയ്ത്, ആ പെര്‍ഫോര്‍മന്‍സ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട് അതിനുശേഷം അവര്‍ അതിനെ വിലയിരുത്തും. പിന്നെ നിങ്ങള്‍ മാധ്യമ സുഹൃത്തുക്കള്‍ ആ സിനിമയെ കുറിച്ച് നല്ലത് എഴുതി, ഒരു നടന്‍ വളര്‍ന്നു വരുമ്പോഴാണ്‌ ഇത്തരത്തില്‍ സാറ്റ്‌ലൈറ്റ് വാല്യു കിട്ടുന്നത്.

അല്ലാതെ സിനിമ ചെയ്യാതെ വീട്ടിലിരുന്നാല്‍ ഈ സാധനം കിട്ടില്ലല്ലോ. നിങ്ങള്‍ ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണത്. എനിക്ക് ഇഷ്ടപ്പെട്ട സിനിമ ചെയ്യാന്‍ നിര്‍മാതാവിനെ കിട്ടിയില്ലെങ്കില്‍ എങ്ങനെ എങ്കിലും ഒരാളെ കണ്ടെത്തി സിനിമ ചെയ്യിക്കും. ചിലപ്പോള്‍ അങ്ങനെ ചെയ്യുന്ന പ്രൊജക്ടിന് ഞാന്‍ ശമ്പളം വാങ്ങില്ലായിരിക്കും.

ചിലപ്പോള്‍ ആ സിനിമയില്‍ ഇതുപോലെ ഞാന്‍ കോ പ്രൊഡ്യൂസറായിട്ടും വര്‍ക്ക് ചെയ്യും. സിനിമ തിയേറ്ററില്‍ വിജയച്ചതിനുശേഷം അതില്‍ നിന്ന് കിട്ടുന്ന ലാഭവിഹിതമായിരിക്കും ഞാന്‍ എടുക്കുക. ആ വീതം ഉപയോഗിച്ച് ഞാന്‍ ചിലപ്പോള്‍ അടുത്ത സിനിമ ചെയ്യും. എനിക്ക് അഭിനയിക്കാനാണ് ആഗ്രഹം. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാന്‍ കഴിയണം.

ഞാനൊരു നാടക പ്രവര്‍ത്തകനാണ്. തിരുവന്തപുരത്തുള്ള എല്ലാ തെരുവ് നാടകങ്ങളും കളിച്ച് സിനിമയിലേക്കെത്തിയ ആളാണ് ഞാന്‍. എനിക്ക് സിനിമയില്‍ ഒരു ഗോഡ്ഫാദറുമില്ല. എം.എ നാടകം പഠിച്ച ഞാന്‍ ഓഡീഷന്‍ വഴിയാണ് സിനിമയിലേക്കെത്തുന്നത്,’ ശരത് പറഞ്ഞു.

ഷെബി ചൗഗത് സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ സിനിമയാണ് കാക്കിപ്പട. ശരത്തിന് പുറമെ നിരഞ്ജ് മണിയന്‍പിള്ളരാജു, സുജിത് ശങ്കര്‍, ആരാധീയ ആന്‍, മാല പാര്‍വതി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

content highlight: appani sarth talks about new movie

We use cookies to give you the best possible experience. Learn more