എന്‍. ലിംഗുസ്വാമി രചനയും സംവിധാനവും നിര്‍വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സണ്ടക്കോഴി2. വിശാല്‍ നായകനായി എത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന് പുറമെ രാജ്കിരണും കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. വിശാലിന്റെ കരിയറിലെ 25ാമത്തെ ചിത്രമാണ് സണ്ടക്കോഴി2. ഇതില്‍ മലയാളിയായ അപ്പാനി ശരതും അഭിനയിച്ചിരുന്നു. താരത്തിന്റെ ആദ്യ തമിഴ് സിനിമയായിരുന്നു സണ്ടക്കോഴി2. ഈ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് അപ്പാനി ശരത്. മോളിവുഡ് മീഡിയ മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘മലയാള സിനിമയാണോ തമിഴാണോ കൂടുതല്‍ കംഫേര്‍ട്ടബിള്‍ എന്ന് ചോദിച്ചാല്‍ അഭിനയമാണ് എനിക്ക് കംഫേര്‍ട്ടായ കാര്യം. അത് ഏത് ഭാഷയാണ് എന്നതില്‍ പ്രാധാന്യമില്ല. മലയാളമാണെങ്കിലും തമിഴ് ആണെങ്കിലും നമ്മുടെ പ്രൊഫഷന്‍ അഭിനയമാണ്. ആദ്യമായി തമിഴ് ചെയ്യുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഈസിയായി ചെയ്യാന്‍ കഴിഞ്ഞിരുന്നു. കാരണം ആ ഇന്‍ഡസ്ട്രി എന്നെ വെല്‍ക്കം ചെയ്തത് വളരെ അടിപൊളി ആയിട്ടാണ്.
എന്റെ ആദ്യ തമിഴ് ചിത്രം സണ്ടകോഴി 2വാണ്. ലിംഗുസ്വാമി സാറിന്റെ സിനിമയായിരുന്നു അത്. ആ സിനിമയില്‍ വളരെ ചെറിയ കഥാപാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. സണ്ടകോഴിയില്‍ വരലക്ഷ്മിയുടെ സഹോദരനാണ് ഞാന്‍. ആറ് ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ഞാന്‍ അന്ന് പോകുന്നത്. ഫെസ്റ്റിവല്‍ സമയത്തെ ഫൈറ്റ് ഷൂട്ട് ചെയ്യാന്‍ മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അത് ആദ്യം ഷൂട്ട് ചെയ്തു. അതിന് ശേഷം ആ കഥാപാത്രത്തിന് കുറച്ചുകൂടെ ഡെപ്ത്ത് വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വീണ്ടും എഴുതി ചേര്‍ക്കപ്പെട്ട കഥാപാത്രമായിരുന്നു എന്റേത്.
അതുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്‌സിലും ഞാന്‍ വരികയായിരുന്നു. എനിക്ക് അങ്ങനെയൊരു കഥാപാത്രം കിട്ടിയത് വളരെ പോസിറ്റീവായ കാര്യമായിരുന്നു. ആ കഥാപാത്രത്തിന് ലെങ്ത്ത് കൂട്ടിയത് ലിംഗുസ്വാമി സാറും വിശാല്‍ സാറുമൊക്കെ ഇടപെട്ടിട്ടാണ്. അതില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസുണ്ടായിരുന്നു. അങ്കമാലി ഡയറീസിലെ പെര്‍ഫോമന്‍സ് കണ്ടിട്ടായിരുന്നു അവര്‍ എന്നെ അതിലേക്ക് വിളിക്കുന്നത്,’ അപ്പാനി ശരത് പറഞ്ഞു.
Content Highlight: Appani Sarath Talks About Sandakozhi2