Film News
ആദിവാസി സ്ത്രീകള്‍ എന്നെ കണ്ടപ്പോള്‍ നമ്മുടെ മധുവിനെ പോലെയുണ്ടെന്ന് പറഞ്ഞു, ഞാനും അറിഞ്ഞതാണ് പട്ടിണിയുടെ വില: അപ്പാനി ശരത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 22, 10:22 am
Tuesday, 22nd February 2022, 3:52 pm

അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ശരത്ത് കുമാര്‍. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിലെ പുതുമുഖ താരങ്ങളില്‍ ഒരാള്‍ ശരത്തായിരുന്നു. വില്ലന്‍ വേഷത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച താരം പിന്നീട് അപ്പാനി എന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടിരുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ആദിവാസി’യുടെ തിരക്കുകളിലാണ് താരമിപ്പോള്‍.

വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റത്തിന് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ കഥയാണ് ആദിവാസി എന്ന ചിത്രം പറയുന്നത്.

തന്റെ പുതിയ സിനിമയിലെ വിശേഷങ്ങളും ആദിവാസിയുടെ ചിത്രീകരണ വേളയിലുണ്ടായ അനുഭവങ്ങളും പങ്കുവെക്കുകയാണ് ശരത്ത്. നാന ഫിലിമിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് സംസാരിക്കുന്നത്.

സിനിമയുടെ ചിത്രീകരണ വേളയില്‍ കുറച്ച് ആദിവാസി സ്ത്രീകള്‍ തന്നെ കാണാന്‍ മധുവിനെ പോലെയുണ്ടെന്ന് പറഞ്ഞത് വലിയ അംഗീകാരമായിരുന്നെന്ന് ശരത്ത് പറഞ്ഞു.

‘എന്നെ മധുവിന്റെ രൂപസാദൃശ്യത്തിലേക്ക് കൊണ്ടുവരാന്‍ ദിവസവും രണ്ടോ മൂന്നോ മണിക്കുറുകള്‍ നീണ്ടുനിന്ന മേക്കപ്പ് വേണ്ടി വന്നു. ലൊക്കേഷനില്‍ മുഡുഗ ഭാഷയിലെ ഡയലോഗ് പറയാന്‍ ഇവരൊക്കെ സഹായിച്ചിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ആദിവാസി സ്ത്രീകള്‍ എന്റെ അടുത്തെത്തി നമ്മുടെ മധുവിനെ പോലെയുണ്ടെന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. അതൊരു വല്ലാത്ത അംഗീകാരമായിരുന്നു. കാട്ടിനുള്ളിലെ പാറകള്‍ക്കിടയിലെ ഗുഹക്കുള്ളില്‍ ചിത്രീകരണം നടക്കുമ്പോള്‍ എന്റെ തലക്ക് മുകളില്‍ ഒരു വിഷപ്പാമ്പ് ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്,’ ശരത്ത് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ മധുവിന്റെ കൂടെയായിരുന്നെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് അട്ടപ്പാടിയിലെത്തി മധുവിന്റെ കുടുംബത്തെ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ മധുവിന്റെ കൂടെയായിരുന്നു. കാരണം ഞാനൊരിക്കലും കാണാത്ത മധുവിനെയാണ് അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ടത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് മധുവിന്റെ ബന്ധുക്കളെ കണ്ടിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും പോയിരുന്നു. അവരുടെ ജീവിതം വെറുതെയൊന്ന് ഒബ്‌സേര്‍വ് ചെയ്യുകയായിരുന്നു ലക്ഷ്യം,’ ശരത്ത് കൂട്ടിച്ചേര്‍ത്തു.

നാടകപ്രവര്‍ത്തനകാലത്ത് പട്ടിണിയുടെ വില താന്‍ അറിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

‘അട്ടപ്പാടിയിലെ ശീരുവാണി പുഴയുടെ തീരത്തായിരുന്നു എന്റെ ആദ്യത്തെ ഷോട്ട് ചിത്രീകരിച്ചത്. പിന്നെ, അട്ടപ്പാടിയിലെ ഉള്‍ക്കാടുകളിലായിരുന്നു ചിത്രീകരണം. മധുവിനെ പോലെ നാടകപ്രവര്‍ത്തനകാലത്ത് പട്ടിണിയുടെ വില ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മധുവിനെ പോലെ മെലിഞ്ഞ ശരീരപ്രകൃതം വേണ്ടതിനാല്‍ തടി കുറക്കാനുള്ള ശ്രമങ്ങളും ഞാന്‍ നടത്തിയിരുന്നു. മധുവിന്റെ ഗെറ്റപ്പ്, മാനറിസം, നടത്തം, സ്വഭാവരീതികള്‍ എല്ലാം ഞാന്‍ സ്വായത്തമാക്കാന്‍ ശ്രമിച്ചിരുന്നു,’ ശരത്ത് പറഞ്ഞു.

ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വര്‍ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്.

പി. മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്ങ് ബി. ലെനിന്‍, സംഭാഷണം എം. തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍ രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡുസര്‍ വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍ കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍ ബുസി ബേബി ജോണ്‍, വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ്.


Content Highlights: Appani Sarath speaking about his new movie Adivasi