അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ അപ്പാനി ശരത് തന്റെ സിനിമയിലേക്കുള്ള യാത്രയെക്കുറിച്ച് സംസാരിക്കുകയാണ്. താൻ അങ്കമാലിയിൽ കറി പൗഡർ കച്ചവടം നടത്തിയിട്ടുണ്ടെന്നും പെട്ടെന്ന് സിനിമയിലേക്ക് വന്നയാളല്ലെന്നും ശരത് പറഞ്ഞു. സിനിമയിൽ എത്തുന്നത് വരെയുള്ള യാത്ര എളുപ്പമുള്ളതല്ലായിരുന്നെന്നും താരം പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയിലേക്ക് ഞാൻ ഇപ്പോൾ എത്തിനിൽക്കുമ്പോൾ അതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ല. പെട്ടെന്നൊരു ഒഡിഷനിൽ പങ്കെടുത്ത് സിനിമയിൽ എത്തിയ ആളല്ല ഞാൻ.
ഞാൻ അങ്കമാലിയിൽ ആദ്യം എത്തുന്നത് കറി പൗഡറിന്റെ കച്ചവടത്തിനാണ്. അങ്കമാലിയിലും അനുബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും ഞാൻ ധാരാളം അലഞ്ഞിട്ടുണ്ട്. ആ ജോലി വർക്ക് ഔട്ട് ആകാതെ വന്നപ്പോൾ ഞാൻ അത് ഉപേക്ഷിച്ചു.
വർഷങ്ങൾക്ക് ശേഷം കാലാടിയിൽ തീയേറ്ററിൽ പി. ജി എടുത്തു. അതേ അങ്കമാലിറ്റിയുടെ കഥയിൽ തന്നെ, അങ്കമാലിയെ വിറപ്പിച്ച അപ്പാനി രവി ആകാൻ സാധിച്ചു. സിനിമ എന്ന് പറയുന്നത് വളരെ എളുപ്പമുള്ള ഒന്നല്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ അതിലേക്ക് എത്തിച്ചേരാൻ ചിലപ്പോൾ പറ്റിയേക്കാം, പക്ഷെ എന്റെ കാര്യം അങ്ങനെയല്ല. ഞാൻ വന്ന വഴി അത്രക്ക് എളുപ്പമല്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.
സൈനു ചാവക്കാടൻ സംവിധാനം ചെയ്ത് ബോണി അസ്നർ തിരക്കഥയെഴുതിയ പോയിന്റ് റേഞ്ച് ആണ് ശരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഡയ്യാന, ഹമീദ്, റിയാസ് ഖാൻ, ഹരീഷ് പേരടി, ചാർമിള എന്നിവരും ചിത്രത്തിൽ പ്രധാന വേഷമിടുന്നു.
Content Highlights: Appani Sarath on his struggles