മോഹന്‍ലാലിന്റെ കാരവന് താന്‍ വിലപറഞ്ഞുവെന്ന രീതിയില്‍ ഒരുകാലത്ത് പ്രചരിച്ച വാര്‍ത്തയില്‍ വിശദീകരണവുമായി നടന്‍ അപ്പാനി ശരത്ത്.
തനിക്ക് അങ്ങനെ ചിന്തിക്കാന്‍ പോലും പറ്റില്ലെന്നും വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലാലേട്ടന്റെ മുഖത്ത് നിന്നുപോലും കണ്ണെടുക്കാന്‍ പറ്റാതെ നിന്ന ആളാണ് താനെന്നും അപ്പാനി ശരത്ത് പറഞ്ഞു.
ലാലേട്ടന്റെ കാരവന് വിലപറയാന്‍ താന്‍ ആളല്ലെന്നും എങ്ങനെയെങ്കിലും നേരം വെളുത്തുകിട്ടിയാല്‍ അദ്ദേഹത്തെ കാണാനുള്ള ആവേശത്തില്‍ സെറ്റിലേക്ക് ഓടിയെത്തുന്ന ആളായിരുന്നു താനെന്നും അപ്പാനി ശരത്ത് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ലാലേട്ടന്‍ കാരവന്‍ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് മേടിക്കാമെന്ന് അപ്പാനി ശരത്ത് പറഞ്ഞതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘എന്റെ ദൈവമേ എനിക്കത് ചിന്തിക്കാന്‍ പോലുമാവില്ല. ലാല്‍ ജോസ് സാറുപോലും അങ്ങനെ പറയില്ലല്ലോ. അദ്ദേഹത്തോട് ചോദിച്ചുനോക്കൂ. നിങ്ങള്‍ ആ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ആളുകളോട് ചോദിക്കൂ. ഞാന്‍ പറന്നു നടന്ന് അഭിനയിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം.
അത്രയധികം ക്രൂവിനൊപ്പം സന്തോഷത്തില്‍ ചെയ്ത പടമാണ്. നേരം വെളുക്കാന്‍ വേണ്ടി കാത്തിരിക്കുമായിരുന്നു ലാലേട്ടനെ കാണാന്‍. അങ്ങനെ ആഗ്രഹിച്ചിരിക്കുന്ന ഞാന്‍ എങ്ങനെ ഇത് പറയും. ഇതൊക്കെ ശുദ്ധ മണ്ടത്തരമാണ്. ഇതൊക്കെ എങ്ങനെയാണ് പറഞ്ഞുണ്ടാക്കുന്നത് എന്നതാണ്.
നമുക്ക് നല്ലൊരു കാലം വരുമ്പോള്‍ നല്ലത് പറഞ്ഞ് നമുക്കൊപ്പം നില്‍ക്കുന്നവരും കാണും, നമ്മളെ തഴഞ്ഞവരും കാണും. എന്നെ ആരെങ്കിലും മനസുകൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവനെ തെറിപറയാനോ അവനെതിരെ ഒരു പണിയൊരുക്കാനോ ഞാന്‍ ശ്രമിക്കാറില്ല.
മറിച്ച് അതെല്ലാം മനസില്‍ ഇട്ടു നടക്കും. ഒരാള്‍ ഇന്‍സള്‍ട്ട് ചെയ്താല്‍ ഞാന്‍ അത് ചിരിച്ചുകൊണ്ടുവാങ്ങും. എന്നിട്ട് ഞാന്‍ വര്‍ക്ക് ചെയ്യും. എസി റൂമില്‍ നിന്ന് വന്നയാളല്ല ഞാന്‍. സ്ട്രീറ്റില്‍ നിന്ന് വന്നയാളാണ്. എനിക്ക് നല്ല സമയം വരുമ്പോള്‍ അവര്‍ നമ്മുടെ മുന്‍പില്‍ വരും. അന്ന് അങ്ങനെ പറയേണ്ടായിരുന്നു എന്ന് അവര്‍ക്ക് തോന്നും. അവിടെയാണ് എന്റെ വിജയം.
സിനിമയിലെ എന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു പിന്നെ ഇരുന്നു പോയി. അതിന് ശേഷമുള്ള ശരത്തുണ്ട്. നാല് വര്‍ഷം മുന്‍പുള്ള ശരത്ത്. ഞാന്‍ മാത്രമായിട്ട് മോള്‍ഡ് ചെയ്ത് ഉണ്ടാക്കിയെടുത്ത നടനാണ് ഞാന്‍. ആരുടേയും പിന്തുണ ഉണ്ടായിരുന്നില്ല.
ഒരുപാട് പേരുടെ പ്രാര്‍ത്ഥനകൊണ്ട് സിനിമയില്‍ എത്തിയെങ്കിലും അതിന് ശേഷം ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ഞാന്‍ അങ്ങോട്ട് ഡയറക്ടര്‍മാരെ വിളിക്കുകയും കാണുകയും സംസാരിക്കുകയും എല്ലാം ചെയ്ത് ലഭിച്ചതാണ്. അത്രയും വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അമല വരെ ഞാനായിട്ട് കഷ്ടപ്പെട്ട് കിട്ടിയ സിനിമകളാണ്. നാല് വര്‍ഷം കൊണ്ട് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളിലും എന്റേയും എന്റെ വീട്ടുകാരുടേയും പ്രാര്‍ത്ഥനയും കുഞ്ഞുങ്ങളുടെ ഭാഗ്യവും സപ്പോര്‍ട്ടും മാത്രമാണ് കൂടെയുള്ളത്.
പിന്നെ എന്നെ സ്‌നേഹിക്കുന്നവര്‍. പ്രേക്ഷകരും സാധാരണക്കാരുമായിട്ടുള്ള ഒരുപാട് പേരുടെ പിന്തുണയുണ്ട്. അതുകൊണ്ട് പെട്ടെന്നൊന്നും നമ്മള്‍ താഴേക്ക് പോകില്ല. ഒന്നും ഇല്ലാത്ത അവസ്ഥയില്‍ നിന്ന് തന്നെയാണ് പിടിച്ചുകയറിയത്,’ അപ്പാനി ശരത്ത് പറഞ്ഞു.
Content Highlight: Appani sarath about Mohanlal Caran Sale and Controversy