കൊച്ചി: മഹേഷ് നാരായണന്റെ മാലിക് സിനിമയിലെ ചര്‍ച്ച ചെയ്യപ്പടുന്ന ഒരു കഥാപാത്രമാണ് ഷിബു. അപ്പാനി ശരത് ആണ് ഷിബുവായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ചത്.
ചിത്രത്തിലെത്തിയതിനെപ്പറ്റി മനസ്സുതുറക്കുകയാണ് ശരത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത് ഏറെ സന്തോഷം നല്‍കുന്നു. വേഷത്തിന്റെ വലിപ്പ, ചെറുപ്പം നോക്കാറില്ല ഞാന്‍. അതുകൊണ്ടാണ് മാലികിലേക്ക് വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ പോയത്.
മഹേഷ് നാരായണന്‍ സാറിന്റെ വര്‍ക്കുകള്‍ നേരത്തേയും ശ്രദ്ധ നേടിയവയാണ്. ഒരുപാട് സംസാരിക്കുന്ന, അണയുന്നതിന് മുന്‍പ് ആളിക്കത്തുന്ന തരത്തിലുള്ള കഥാപാത്രമാണ് ഷിബു.
വളരെ പെട്ടെന്ന് വരുന്നു, പോകുന്നു. പക്ഷേ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാലികിലെ എല്ലാ കഥാപാത്രങ്ങളും കാമ്പുള്ളവയാണ്. അതു തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും,’ ശരത് പറഞ്ഞു.
ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഇസ്‌ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് മാലികിനെതിരെ ഉയരുന്ന പ്രധാന ആരോപണം.
ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.