| Sunday, 6th November 2022, 8:14 pm

അപ്പന്റെ ഓഡീഷന് ചെന്നപ്പോള്‍ എന്റെ അഭിനയം കണ്ട് നാഗവല്ലി എന്നെഴുതി, അതുവരെ അനുഭവിച്ചിട്ടില്ലാത്ത ടെന്‍ഷനായിരുന്നു സിനിമ ഇറങ്ങുന്നത് വരെ: രാധിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി വെയ്ന്‍, അലന്‍സിയര്‍, പൗളി വല്‍സന്‍ മുതലായവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് അപ്പന്‍. ഒക്ടോബര്‍ 28നാണ് സോണി ലിവില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് ഷീല. രാധികയാണ് ഷീല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു അഭിനയ പരിചയവുമില്ലാത്ത താന്‍ എങ്ങനെയാണ് അപ്പന്‍ സിനിമയില്‍ എത്തിയതെന്ന് പറയുകയാണ് രാധിക. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയേക്കുറിച്ച് രാധിക സംസാരിച്ചത്.

”സിനിമ എന്റെ ലക്ഷ്യമല്ലായിരുന്നു. കൊറോണയുടെ സമയത്താണ് ഞാന്‍ മോഡലിങ് ചെയ്തത്. ആദ്യത്തെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പലരും സിനിമയുടെ പേരും പറഞ്ഞ് മെസേജ് അയക്കാന്‍ തുടങ്ങി. എന്നാല്‍ അതെല്ലാം വെറുതെ വാട്‌സ് ആപ്പ് നമ്പര്‍ കിട്ടാന്‍ വേണ്ടിയായിരുന്നു.

അതിന് ശേഷമാണ് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ച് മെസേജ് വരുന്നത്. ഞാന്‍ അത് ഫേക്ക് മെസേജ് ആണെന്ന് കരുതി വെറുതെ വിട്ടു. പിന്നേം മെസേജ് അയച്ചു. താല്പര്യം ഇല്ലെങ്കില്‍ പറയണം ഞങ്ങള്‍ക്ക് വേറെ ആളിനെ നോക്കണമെന്ന്. അപ്പോഴാണ് ഇത് ഫേക്ക് അല്ലെന്ന് മനസിലായത്.

ഓഡീഷന് പോയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ഒരു മേക്കപ്പും ചെയ്യരുതെന്നാണ്. മേക്കപ്പ് ചെയ്യാതെ വേണം ഓഡീഷന് വരാനെന്നാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ മേക്കപ്പ് ഇടാതെ പുറത്ത് പോയിട്ടില്ല.

അവിടെ പോയപ്പോള്‍ എനിക്ക് ഒരു ടെന്‍ഷനും ഇല്ലായിരുന്നു. കാരണം കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അതുപോലെ തന്നെ ആ ഓഡീഷന് എനിക്ക് കിട്ടിയില്ല. ആ സിനിമയിലേ തന്നെ വേറെ ഒരു കഥാപാത്രത്തിന്റെ സീന്‍ ആണ് എനിക്ക് തന്നത്. അതില്‍ അദ്ദേഹം എന്റെ പേര് എഴുതിയത് നാഗവല്ലി എന്നാണ്. കാരണം എനിക്ക് ഭയങ്കര അഭിനയമായിരുന്നു.

ടിക് ടോക്ക് ചെയ്ത പരിചയം മാത്രമായിരുന്നു എനിക്ക് ഉള്ളത്. നിങ്ങള്‍ അഭിനയിക്കണ്ട ഈ സിനിമയില്‍ ജീവിക്കുന്ന പോലെയാണ് തോന്നേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് സെലക്ട് ആയില്ലായിരുന്നു. പിന്നെയാണ് എന്നെ വിളിച്ചത്. അവര്‍ എവിടെയോ ഷീല എന്ന കഥാപാത്രത്തെ എന്നില്‍ കണ്ടിരുന്നു.

വര്‍ക്ക് ഷോപ്പ് ചെയ്യാം എന്നിട്ട് പറ്റുമോയെന്ന് നോക്കാമെന്ന് പറഞ്ഞു. വര്‍ക്ക് ഷോപ്പിന് ഞാന്‍ ഹാപ്പിയായാണ് പോയത്. എന്നാല്‍ സെലക്ട് ആയി സിനിമ ഇറങ്ങുന്നത് വരെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. കാരണം സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഈ കഥാപാത്രം എങ്ങനെ ചെയ്യും എന്നത് എനിക്ക് വലിയ ടാസ്‌ക്ക് ആയിരുന്നു.

സിനിമ കണ്ടവര്‍ക്ക് അറിയാം അഭിനയിച്ച എല്ലാവരും അസാധ്യ അഭിനയമാണ് കാഴ്ചവെക്കുന്നത്. കുറച്ച് കഥാപാത്രങ്ങളെ സിനിമയില്‍ ഉള്ളു. അവിടെയാണ് ഒരു പരിചയവുമില്ലാത്ത ഞാന്‍ എത്തുന്നത്,” രാധിക പറഞ്ഞു.

content highlight: appan movie actress radhika about her experience in the movie

We use cookies to give you the best possible experience. Learn more