പത്തനംതിട്ട: ശബരിമലയില്‍ പൂപ്പല്‍ പിടിച്ച രണ്ട് ലക്ഷം പായ്ക്കറ്റ് അപ്പം കത്തിച്ചുകളഞ്ഞു. തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യാന്‍ വെച്ചിരുന്ന കരുതല്‍ ശേഖരത്തിലെ അപ്പമാണ് കത്തിച്ചുകളഞ്ഞത്.[]
ശബരിമലയില്‍ നിന്ന് വാങ്ങിയ അപ്പത്തില്‍ പൂപ്പല്‍ കണ്ടെന്ന് രണ്ട് തവണ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍കൂട്ടി നിര്‍മിച്ച അപ്പങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നത്. സന്നിധാനത്തെ ഇന്‍സിനേറ്ററുകളിലേക്ക് പുലര്‍ച്ചെ മുതല്‍ നശിപ്പിക്കാനായി അപ്പങ്ങള്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്.
ഒരു പായ്ക്കില്‍ ഏഴ് അപ്പമാണുള്ളത്. ഒരു ലക്ഷം പായ്ക്കാണ് കത്തിച്ചത്. ഇതുവഴി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
മണ്ഡലകാലം ആരംഭിച്ച ആദ്യദിനം മുതല്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിതരണത്തിന് വെച്ചിരുന്ന 34 പെട്ടി അപ്പം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ട് ആലുവയില്‍ നിന്നെത്തിയ ഒരു സംഘംതീര്‍ത്ഥാടകര്‍ക്ക് ലഭിച്ച അപ്പത്തില്‍ വീണ്ടും പൂപ്പല്‍ കണ്ടെത്തുകയായിരുന്നു.
അപ്പം വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയും മലകയറിയ ഭക്തര്‍ക്ക് വേണ്ടത്ര അപ്പം ലഭിച്ചില്ല. വ്യാഴാഴ്ച ഉണ്ടാക്കിയ അപ്പം മാത്രമാണ് വില്‍ക്കുന്നത്. ഏതാനും ദിവസത്തേക്ക് കൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത.
നല്ല അപ്പവും പൂപ്പല്‍ കലര്‍ന്ന അപ്പവും ഇടകലര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് അപ്പത്തിന്റെ വിതരണത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് രണ്ട് കവര്‍ അപ്പം മാത്രമായിരുന്നു വിതരണം ചെയ്തത്. ഇതുമൂലം പ്രസാദകൗണ്ടറുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി വലിയ ബഹളമാണ് നടക്കുന്നത്.