ഹിറ്റ് സിനിമയുടെ റീമേക്ക് ചെയ്യാമെന്ന് വിജയ്; ക്ലൈമാക്‌സില്‍ ചെറിയ മാറ്റം വരുത്തിയാല്‍ നന്നാകുമെന്ന് പറഞ്ഞു: അപ്പച്ചന്‍
Entertainment news
ഹിറ്റ് സിനിമയുടെ റീമേക്ക് ചെയ്യാമെന്ന് വിജയ്; ക്ലൈമാക്‌സില്‍ ചെറിയ മാറ്റം വരുത്തിയാല്‍ നന്നാകുമെന്ന് പറഞ്ഞു: അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th March 2024, 4:11 pm

ജയറാം, മുകേഷ്, ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ വലിയ വിജയമായ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ബോക്സ് ഓഫീസില്‍ ഏകദേശം 11 കോടി രൂപ നേടി. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു ഇത്.

ഫ്രണ്ട്‌സ് പിന്നീട് അതേ പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രം തമിഴില്‍ നിര്‍മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു. വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവര്‍ ഒന്നിച്ച ഫ്രണ്ട്‌സ് വിജയ്‌യും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു.

ഈ സിനിമ മലയാളത്തില്‍ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്തത് എങ്ങനെയാണെന്ന് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാച്ചിക്ക അനിയത്തി പ്രാവ് തമിഴില്‍ റീമേക്ക് ചെയ്യുകയായിരുന്നു. അതിന്റെ ഷൂട്ട് കൊച്ചിയില്‍ വെച്ചായിരുന്നു നടന്നത്. കാതലുക്കു മരിയാതൈ എന്നായിരുന്നു സിനിമയുടെ തമിഴിലെ പേര്. ഞാന്‍ ഒരിക്കല്‍ അതിന്റെ ഷൂട്ടിങ് കാണാന്‍ പോയിരുന്നു. വിജയ് എന്ന ഒരു ചെറിയ പയ്യനാണ് നായകന്‍.

പാച്ചിക്ക അപ്പോള്‍ വിജയ്‌യെ വിളിച്ച് മലയാളം പടത്തിന്റെ പ്രൊഡ്യൂസറാണ് ഈ ഇരിക്കുന്നതെന്ന് പറഞ്ഞ് എന്നെ പരിചയപെടുത്തി. വിജയ് അത് കേട്ട് ബഹുമാനത്തോടെ കസേര വലിച്ചിട്ട് എന്റെ അടുത്തേക്ക് വന്നിരുന്നു. അന്ന് ഇവന്‍ ചെറിയ ഒരു ചെക്കനാണ്.

എനിക്ക് ആ സമയത്ത് വിജയ്‌യെ നായകനാക്കി ഒരു തമിഴ് പടം ചെയ്യാന്‍ ആഗ്രഹം തോന്നി. ഞാന്‍ ഡേറ്റ് തരുമോയെന്ന് വിജയ്‌യോട് വെറുതെ ചോദിച്ചു. ചെയ്യാമല്ലോയെന്ന് വിജയ് മറുപടി പറഞ്ഞു. ഇതുപോലെ ഏതെങ്കിലും ഒരു സൂപ്പര്‍ഹിറ്റ് പടം വരുമ്പോള്‍ റീമേക്ക് ചെയ്യാമെന്നാണ് അന്ന് വിജയ് പറഞ്ഞത്.

ചെറുപ്പക്കാരനായത് കൊണ്ട് വിജയ്ക്ക് ലവ് സ്റ്റോറി മാത്രമല്ലേ പറ്റുള്ളൂ. മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്ന പോലെയുള്ള സിനിമകള്‍ അയാള്‍ക്ക് പറ്റില്ലല്ലോ. അങ്ങനെയിരിക്കെയാണ് ഫ്രണ്ട്‌സ് എന്ന സിനിമ വരുന്നത്. അത് കണ്ടപ്പോള്‍ ഇത് വിജയ്ക്ക് പറ്റുമല്ലോയെന്ന് ഞാന്‍ ചിന്തിച്ചു.

ഞാന്‍ സിദ്ദിഖിനോട് ഈ കാര്യം പറഞ്ഞു. സിദിഖ് തമിഴ് പടങ്ങള്‍ അതുവരെ ചെയ്തിരുന്നില്ല. കാതലുക്കു മരിയാതൈ സമയത്ത് ഒരു ഹിറ്റ് പടവുമായി വരാന്‍ പറഞ്ഞിട്ട് വിജയ് എനിക്ക് അന്ന് വാക്ക് തന്നിട്ടുണ്ടല്ലോ. പിന്നെ തമിഴില്‍ ഉള്ള ആളുകള്‍ ഒരു വാക്ക് പറഞ്ഞാല്‍ വാക്കാണ്. പ്രത്യേകിച്ചും ഹീറോസ്.

അന്ന് വിജയ് എന്നോട് ചങ്കില്‍ തട്ടി പറഞ്ഞതാണെന്ന് എനിക്ക് അറിയാമായിരുന്നു. വിജയ്‌യെ പോയി കണ്ടപ്പോള്‍ ആദ്യം സിനിമ കാണണമെന്ന് പറഞ്ഞു. അങ്ങനെ സിനിമ കണ്ട ശേഷം പടം നന്നായിട്ടുണ്ടെന്നാണ് വിജയ് പറഞ്ഞത്. അന്ന് കൂടെ വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ സാറും ഉണ്ടായിരുന്നു.

ക്ലൈമാക്‌സില്‍ ചെറിയ മാറ്റം വരുത്തിയാല്‍ നന്നാകുമെന്നും അത് ഡയറക്ടര്‍ തീരുമാനിക്കട്ടേയെന്നും സാറ് പറഞ്ഞു. സിദിഖിനെ വിളിച്ച് കാര്യം അറിയിച്ചപ്പോള്‍ ക്ലൈമാക്‌സില്‍ ചെറിയ മാറ്റം വരുത്താമെന്ന് സമ്മതിച്ചു. അങ്ങനെ വിജയ് ഡേറ്റ് തരികയും ആ സിനിമ നടക്കുകയും ചെയ്തു,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.


Content Highlight: Appachan Talks About Tamil Remake Of Friends And Vijay