| Thursday, 28th March 2024, 3:21 pm

അന്ന് സൂര്യയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടു: അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് സംവിധാനം ചെയ്ത് 2001ല്‍ തമിഴില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രണ്ട്‌സ്. 1999ല്‍ ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച് ഇതേ പേരില്‍ പുറത്തിറങ്ങിയ മലയാള സിനിമയുടെ റീമേക്കാണിത്. ചിത്രം തമിഴില്‍ നിര്‍മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു.

ചിത്രത്തില്‍ വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരായിരുന്നു അഭിനയിച്ചത്. ഒപ്പം ദേവയാനി, വിജയലക്ഷ്മി, വടിവേലു ഉള്‍പ്പെടെയുള്ള വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. 1997ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേരിന് വിജയ്യും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

‘ഫ്രണ്ട്‌സ് സിനിമയില്‍ നായകനായി വിജയ്യെ തീരുമാനിച്ചു. പിന്നെ അതില്‍ മുകേഷിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങളെ കണ്ടെത്തണമായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ശേഖര്‍ സാറാണ് ഒരു കാര്യം പറയുന്നത്, ലയോള കോളേജില്‍ സൂര്യയും വിജയ്യും ഒന്നിച്ചു പഠിച്ചതാണെന്ന്.

അതിന് മുമ്പ് നേര്‍ക്കുനേര്‍ എന്ന സിനിമയില്‍ സൂര്യ അഭിനയിച്ചിരുന്നു. ആ സിനിമ രണ്ട് ദിവസമോ മറ്റോ ഓടിയുള്ളു. അന്ന് അതിന് അവിടെയുള്ള വീക്കിലികളൊക്കെ അയാളെ ശക്തമായി വിമര്‍ശിച്ചു കളഞ്ഞു. ശിവകുമാര്‍ സാറിന്റെ മകനാണോ ഇവന്‍ എന്ന് പലരും എഴുതി. ശിവകുമാര്‍ സാര്‍ വലിയ നടനാണ്, അയാള്‍ക്ക് ചീത്തപേര് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊരു മകന്‍ ജനിച്ചല്ലോ എന്നൊക്കെ പറഞ്ഞു.

അവര്‍ ഇവന്‍ ഈ പണിക്ക് പറ്റില്ലെന്നൊക്കെ പറഞ്ഞിരുന്നു. ഇത് സൂര്യക്ക് അന്നത് ഒരുപാട് ഫീലായി. സൂര്യ അതോടെ ഇനി താന്‍ അഭിനയിക്കില്ലെന്ന് ശപഥമെടുത്ത് സി.എ. പഠിക്കാന്‍ പോയി. ഇതൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഈ സമയത്താണ് ഞാനും ശേഖര്‍ സാറും ഒരു ദിവസം ശിവകുമാര്‍ സാറിന്റെ വീട്ടിലേക്ക് പോകുന്നത്. അന്ന് ശേഖര്‍ സാര്‍ ഫ്രണ്ട്സ് സിനിമയെ പറ്റി അദ്ദേഹത്തോട് പറഞ്ഞു.

വിജയ് ആണ് സിനിമയില്‍ നായകനെന്നും അവനോട് ഈക്ക്വലായ കഥാപാത്രത്തിലേക്ക് സൂര്യയെ കൊണ്ടുവരാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതും ശിവകുമാര്‍ സാര്‍ ചാടി എഴുന്നേറ്റു. അവന്‍ ചെയ്യില്ലെന്നും പറഞ്ഞിട്ട് ഞങ്ങളോട് എന്തൊക്കെയോ വിളിച്ച് പറഞ്ഞു.

അവന് അഭിനയിക്കാന്‍ അറിയില്ല, ഇപ്പോള്‍ സി.എ പഠിക്കാന്‍ പോയിട്ടാണ് ഉള്ളതെന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. ശേഖര്‍ സാറിന് അതില്‍ വിഷമമായി. എനിക്ക് ഒരു വിഷമവും തോന്നിയില്ല. അന്ന് ഇന്നത്തെ സൂര്യ അല്ലല്ലോ. ആ ഒരുത്തന്‍ ഇല്ലെങ്കില്‍ എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല.

അവന് അഭിനയിക്കാന്‍ അറിയില്ലെന്ന് സ്വന്തം അപ്പന്‍ പോലും പറഞ്ഞ സ്ഥിതിക്ക് എനിക്ക് സൂര്യ വേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നില്ല. വിജയ്യുടെ ഡേറ്റ് ഉള്ള സ്ഥിതിക്ക് വേറെ ആരുടെയെങ്കിലും ഒരാളെ കണ്ടെത്തിയാല്‍ മതിയല്ലോ എന്ന ചിന്തയാണ് എനിക്ക്. വേണമെങ്കില്‍ മലയാളത്തില്‍ നിന്നും ആരെയെങ്കിലും കൊണ്ടുവരാമല്ലോ,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.


Content Highlight: Appachan Talks About Suriya’s Father Sivakumar

Latest Stories

We use cookies to give you the best possible experience. Learn more