| Monday, 20th November 2023, 9:12 am

'ഐ.വി. ശശി ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍, നായിക ആത്മഹത്യ ചെയ്തതോടെ ഷൂട്ട് മുടങ്ങി, പിന്നീട് മറ്റൊരാള്‍ നായകനായി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1982ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് ഇണ. കരണ്‍, ദേവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നത്. ചിത്രത്തിലെ ‘വെള്ളിച്ചില്ലം വിതറി’ ഉള്‍പ്പെടെയുള്ള ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റായാരുന്നു.

ഇണയില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് തന്നെയായിരുന്നു എന്ന് പറയുകയാണ് നടന്‍ അപ്പ ഹാജ. ഇണ തന്റെ ആദ്യചിത്രമായിരുന്നുവെന്നും നായിക ആത്മഹത്യ ചെയ്തതോടെ ഷൂട്ട് മുടങ്ങിയെന്നും അപ്പ ഹാജ പറഞ്ഞു. രണ്ടാമത് ഷൂട്ട് തുടങ്ങിയപ്പോള്‍ അച്ഛന്‍ തന്നെ വിട്ടില്ലെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അപ്പ ഹാജ പറഞ്ഞു.

‘ആദ്യം പുറത്ത് വന്നത് എന്നെന്നും കണ്ണേട്ടനാണ്. പക്ഷേ ഞാന്‍ ആദ്യം അഭിനയിച്ചത് ഐ.വി. ശശിയുടെ ഇണ എന്ന പടത്തിലാണ്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു. പിന്നീട് എന്റെ റോള്‍ ചെയ്തത് മാസ്റ്റര്‍ രഘുവായിരുന്നു (കരണിന്റെ സ്റ്റേജ്‌നെയിം). കുറച്ച് ദിവസം ഞാന്‍ ആ റോള്‍ ചെയ്തിരുന്നു. പിന്നെ ആ പടം നിന്നുപോയി.

ഒരാഴ്ച ഷൂട്ട് ചെയ്തിരുന്നു. അമ്മുവിന്റെ ആട്ടിന്‍കുട്ടികള്‍ എന്ന പടത്തിലെ കുട്ടിയാണ് ആ പടത്തില്‍ നായികയായി വന്നത്. ആ കുട്ടിക്ക് എന്തെക്കെയോ പ്രശ്‌നങ്ങള്‍ വന്ന് ആത്മഹത്യ ചെയ്തു. വീട്ടില്‍ വന്ന എനിക്ക് ടൈഫോയ്ഡ് വന്നു, രണ്ട് മാസം ആശുപത്രിയിലായിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞാണ് പിന്നേയും ഷൂട്ട് ചെയ്തത്. എന്നാല്‍ അതിലേക്ക് അച്ഛന്‍ വിട്ടില്ല. ആ സമയത്ത് എനിക്ക് പത്താം ക്ലാസിലെ പരീക്ഷ നടക്കുകയായിരുന്നു,’ അപ്പ ഹാജ പറഞ്ഞു.

ഇന്‍ ഹരിഹര്‍നഗറിലെ നാല്‍വര്‍ സംഘത്തിലെ ഒരു റോള്‍ താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അപ്പ ഹാജ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ആ സിനിമയിലേക്ക് ജഗദീഷ് ഡേറ്റ് പ്രശ്നം കാരണം വരില്ലെന്ന് പറഞ്ഞ്, ജഗദീഷ് സിനിമയില്‍ ഇല്ലെന്ന് ഇവര് തന്നെ തീരുമാനിക്കുകയായിരുന്നു. പക്ഷേ ജഗദീഷ് ആ സിനിമക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം.

ഇതിനിടയില്‍ ഇവര്‍ എപ്പോഴോ ജഗദീഷിനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടു. ആ സമയത്ത് എപ്പോഴാണ് വര്‍ക്ക് തുടങ്ങുന്നതെന്നും എപ്പോഴാണ് താന്‍ വരേണ്ടതെന്നും ജഗദീഷ് ചോദിക്കുകയായിരുന്നു. അതുകേട്ടതും അവര്‍ തന്നെ ഞെട്ടി. അങ്ങനെ ജഗദീഷ് വന്നതോടെ എനിക്ക് വേറെ ഒരു റോള്‍ തരികയായിരുന്നു. എനിക്ക് ആ കഥാപാത്രത്തില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കണമെന്ന് ഉണ്ടായിരുന്നില്ല.

തോമസുകുട്ടിയുടെ വേഷമായിരുന്നു ഞാന്‍ ആ സിനിമയില്‍ ചെയ്യേണ്ടിയിരുന്നത്. അന്ന് ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റാതെ പോയപ്പോള്‍ ആരോടും ദേഷ്യമൊന്നും തോന്നിയിരുന്നില്ല. ആ പടം പിന്നീട് വലിയ ഹിറ്റ് ആകുമെന്നും അറിയില്ലായിരുന്നല്ലോ. അന്ന് ജഗദീഷ് വന്നതോടെ സിദ്ദീഖിക്ക എന്നോട് കാര്യം വിളിച്ചു പറഞ്ഞു. എനിക്ക് അതില്‍ കുഴപ്പം ഇല്ലെന്ന് ഞാന്‍ മറുപടിയും പറയുകയായിരുന്നു,’ അപ്പാ ഹാജ പറഞ്ഞു.

Content Highlight: Appa Haja talks about movie Ina by IV Sasi

We use cookies to give you the best possible experience. Learn more