മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അപ്പ ഹാജ. 1998ല്‍ കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അപ്പ ഹാജക്ക് സാധിച്ചിരുന്നു.
ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് നടന്‍. അദ്ദേഹം നല്ല ക്ഷമയുള്ള മനുഷ്യനാണെന്നും എന്നാല്‍ ചൂടായാല്‍ തണുപ്പിക്കാന്‍ പ്രയാസമാണെന്നും അപ്പ ഹാജ പറഞ്ഞു. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് തിരുവനന്തപുരത്ത് ഒരു ചെരിപ്പുകട ഉണ്ടായിരുന്നു. അതിന്റെ ഉദ്ഘാടനം ചെയ്തു തരണമെന്ന് ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞു ഡേറ്റ് മാറ്റണം, ഞാന്‍ ഈ ഡേറ്റില്‍ മാത്രമേ തിരുവനന്തപുരത്തുള്ളൂവെന്ന്.
അപ്പോള്‍ ഞാന്‍ പത്ത് മണിയെന്നാണ് പത്രത്തിലൊക്കെ കൊടുത്ത സമയം. ആള് കൂടാന്‍ വേണ്ടി ആക്കിയ സമയമായിരുന്നു അത്. അതുകഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോഴേക്കും ലാലേട്ടന്‍ എന്നോട് ‘എന്തിനാണ് ലേറ്റ് ആക്കുന്നത്’ എന്ന് ചോദിച്ചു.
അദ്ദേഹത്തിന് ഒരു പുതിയ കാര്‍ കിട്ടിയ സമയമായിരുന്നു അത്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അത് അവിടെ കിടപ്പുണ്ട്. ഞാന്‍ വണ്ടിയുമായിട്ടാണ് അദ്ദേഹത്തെ വിളിക്കാന്‍ പോയത്. അങ്ങനെ അദ്ദേഹം എന്റെ കാറില്‍ കയറി.
ഞാന്‍ നോക്കുമ്പോള്‍ എന്റെ കാര്‍ മുന്നോട്ട് എടുത്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വണ്ടിയില്‍ മുട്ടും. നല്ല കാര്യത്തിന് പോകുന്നത് കൊണ്ട് കാര്‍ പിന്നിലേക്ക് എടുക്കാനാകില്ല. എന്തിനാണ് പിന്നിലേക്ക് എടുത്തതെന്ന് ലാലേട്ടന്‍ ചോദിച്ചാലോയെന്ന് പേടിച്ച് ഞാന്‍ ചെറുതായിട്ട് ഒന്ന് വണ്ടി മുമ്പോട്ട് എടുത്തു.
അപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ കാറില്‍ ജസ്റ്റ് ഒന്നുമുട്ടി. അതിനുശേഷം ലാലേട്ടന്‍ എല്ലാവരോടും ‘ഇവന്‍ എന്റെ കാറില്‍ കൊണ്ടുവന്നിടിച്ചു’ എന്ന് പറഞ്ഞു. അദ്ദേഹം നല്ല ക്ഷമയുള്ള ഒരു മനുഷ്യനാണ്. പക്ഷേ ചൂടായാല്‍ തണുപ്പിക്കാന്‍ വലിയ പാടാണ്,’ അപ്പ ഹാജ പറഞ്ഞു.
Content Highlight: Appa Haja Talks About Mohanlal