| Monday, 6th January 2025, 1:08 pm

ആ മമ്മൂട്ടി ചിത്രത്തിലെ 10 പേരില്‍ ഒരാള്‍ ഞാനായിരുന്നു; അതിലെ റോള്‍ ചെയ്യാനാകാത്തതില്‍ വിഷമമുണ്ട്: അപ്പ ഹാജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1989ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് നായര്‍ സാബ്. മമ്മൂട്ടി, സുരേഷ് ഗോപി, ഗീത, മുകേഷ്, സുമലത, ലിസി തുടങ്ങിയവരായിരുന്ന ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

ഇവര്‍ക്ക് പുറമെ വിജയരാഘവന്‍, മോഹന്‍ ജോസ്, കെ.ബി. ഗണേഷ് കുമാര്‍, സിദ്ദിഖ്, മണിയന്‍പിള്ള രാജു, കുഞ്ചന്‍, ദേവന്‍, ലാലു അലക്‌സ് തുടങ്ങിയ മികച്ച താരനിരയും ഒന്നിച്ചിരുന്നു.

ഈ സിനിമയിലെ പത്ത് പേരില്‍ ഒരാളായി അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നെന്നും എന്നാല്‍ അപ്പോഴത്തെ സാഹചര്യം മൂലം തനിക്കത് ചെയ്യാന്‍ പറ്റിയില്ലെന്നും പറയുകയാണ് നടന്‍ അപ്പ ഹാജ. ആ സിനിമ ചെയ്യാന്‍ പറ്റാതെ പോയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നു. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപ്പ ഹാജ.

‘ചെയ്യാന്‍ പറ്റാതെ പോയ ഒരു സിനിമയെ കുറിച്ച് ഓര്‍ത്ത് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. അങ്ങനെ വിഷമം തോന്നിയത് നായര്‍സാബ് എന്ന സിനിമയുടെ സമയത്താണ്. അതില്‍ 10 പേര്‍ ഉണ്ടായിരുന്നു. സത്യത്തില്‍ അതിലെ പത്താമന്‍ ആകേണ്ടിയിരുന്നത് ഞാന്‍ ആയിരുന്നു.

എന്നാല്‍ അപ്പോഴത്തെ സാഹചര്യം മൂലം എനിക്കത് ചെയ്യാന്‍ പറ്റിയില്ല. അതില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. അവരുമായിട്ടുള്ള കൂടിക്കാഴ്ച നഷ്ടപ്പെട്ടതില്‍ എനിക്ക് വലിയ സങ്കടമുണ്ട്,’ അപ്പ ഹാജ പറഞ്ഞു.

മമ്മൂട്ടിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു. മമ്മൂട്ടിയുമായി ഒട്ടനവധി സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹവുമായി ഒരുപാട് യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അപ്പ ഹാജ പറയുന്നു.

‘മമ്മൂക്കയുമായി ഒട്ടനവധി സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മമ്മൂക്കയുമായി ഒരുപാട് യാത്ര ചെയ്യാനും എനിക്ക് സാധിച്ചിട്ടുണ്ട്.

സംഘം, മൗനം സമ്മതം എന്നീ സിനിമകളൊക്കെ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കോണ്ടസ കാറിലാണ് ഞങ്ങള്‍ ഒരുമിച്ച് പൊള്ളാച്ചിയിലൊക്കെ ഷൂട്ടിന് പോയിരുന്നത്. ആ സമയമൊക്കെ ഇപ്പോഴും മനസില്‍ ഓര്‍ക്കാന്‍ കഴിയുന്ന സുന്ദരനിമിഷങ്ങളാണ്,’ അപ്പ ഹാജ പറഞ്ഞു.

Content Highlight: Appa Haja Talks About Mammootty’s Nair Sab Movie

We use cookies to give you the best possible experience. Learn more