ഗസ: ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ഊർജ ഭീമന്മാരായ ഷെവ്റോണിന്റെ ഗ്യാസ് സ്റ്റേഷനുകൾ ബഹിഷ്കരിക്കുന്നതായി മൊബൈൽ ആപ്പ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗതാഗത തൊഴിലാളികളുടെ അന്താരാഷ്ട്ര കൂട്ടായ്മ (ഐ.എ.എ.ടി.ഡബ്ല്യു).
ഇസ്രഈൽ അധിനിവേശത്തിന് കൂട്ടുനിൽക്കുന്ന ഓയിൽ കമ്പനികളെ ബഹിഷ്കരിക്കുവാനുള്ള ബി.ഡി.എസ് പ്രസ്ഥാനത്തോട് ചേർന്നും 30 ഫലസ്തീനി തൊഴിലാളി സംഘടനകളുടെ ആഹ്വാന പ്രകാരവുമാണ് നടപടി.
ശ്രീലങ്കയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഫലസ്തീനി ജനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐ.എ.എ.ടി.ഡബ്ല്യു അംഗങ്ങൾ പ്രസ്താവന പുറത്തുവിട്ടത്.
ഫലസ്തീനികൾക്കെതിരെ നടക്കുന്ന അനീതികൾക്ക് കൂട്ടുനിൽക്കുന്ന സ്ഥാപനങ്ങളെ പിന്തുണക്കുവാൻ വിസമ്മതിക്കുകയാണ് നീതിയിലേക്കുള്ള നിർണായക ചുവട് എന്ന് സംഘം പറഞ്ഞു.
വെടിനിർത്തലിന് ആഹ്വാനം ചെയ്ത ഐ.എ.എ.ടി.ഡബ്ല്യു മറ്റ് തൊഴിലാളി സംഘടനകളോടും തങ്ങളുടെ നീക്കം പിന്തുടരുവാൻ ആവശ്യപ്പെട്ടു.
ഇസ്രഈലുമായി ബന്ധമുള്ള മുഴുവൻ കമ്പനികളുടെയും ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുവാൻ അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട ബി.ഡി.എസ് പ്രസ്ഥാനം ഐ.എ.എ.ടി.ഡബ്ല്യുവിന്റെ പ്രമേയത്തെ സ്വാഗതം ചെയ്തു.
2020 മുതൽ കിഴക്കൻ മെഡിറ്ററേനിയനിൽ നിന്ന് ഫോസിൽ ഇന്ധനം ഖനനം ചെയ്യുന്നതിൽ പ്രധാനപ്പെട്ട അന്താരാഷ്ട്ര കമ്പനിയാണ് ഷെവ്റോൺ എന്ന് ഇസ്രഈൽ പറഞ്ഞിരുന്നു.
മനുഷ്യ, പരിസ്ഥിതി നിയമ ലംഘനങ്ങളിൽ കമ്പനിക്കെതിരെ ഇതിനകം തന്നെ നിരവധി ആരോപണങ്ങളുണ്ട്. ഇസ്രഈൽ നടത്തുന്ന വംശഹത്യക്ക് വേണ്ടി ബില്യൺ കണക്കിന് ഡോളറുകളാണ് ഷെവ്റോൺ സമ്പാദിച്ചുകൂട്ടിയത്.
ആറ് ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നായി 1,00,000 ഡ്രൈവർമാരെയാണ് ഐ.എ.എ.ടി.ഡബ്ല്യു പ്രതിനിധീകരിക്കുന്നത്.
Content Highlight: App-based drivers boycott Chevron over complicity in Israel’s genocide in Gaza