ഇവിടെ മതതീവ്രവാദം കലയെ വിഴുങ്ങുന്നു
Entertainment
ഇവിടെ മതതീവ്രവാദം കലയെ വിഴുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 2:03 pm

‘എത്ര പേര്‍ ശബരിമലയ്ക്ക് മാലയിട്ട ശേഷം മീന്‍ വില്‍ക്കുന്നുണ്ട്? വൈകുന്നേരം പണി കഴിഞ്ഞ് വന്ന് കുളിച്ച ശേഷം അവര്‍ ഭഗവാന് പൂജ ചെയ്യുന്നില്ലേ? വനവാസകാലത്ത് ശ്രീരാമന്‍ വേട്ടയാടിയാണ് ഭക്ഷണം കഴിച്ചതെന്ന് വാത്മീകി രാമായണത്തില്‍ പറയുന്നുണ്ട്. ശിവപുരാണത്തില്‍ കണ്ണപ്പന്‍, ഭഗവാന് ഭക്തിയോടെ മാംസം നിവേദിച്ച കഥയില്ലേ?’ അടുത്തിടെ റിലീസായ അന്നപൂരണി എന്ന തമിഴ് സിനിമയില്‍ നായകനായ ജയ്‌യുടെ കഥാപാത്രം നായിക നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണിത്. 10 വര്‍ഷം മുന്നേ ഇങ്ങനെ ഒരു ഡയലോഗ് വന്നാല്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവാറില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ആ ഡയലോഗിന്റെ പേരില്‍ സിനിമയിലെ നായികക്ക് മാപ്പ് പറയേണ്ട അവസ്ഥയാണ്.

നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത് നയന്‍താര മുഖ്യകഥാപാത്രമായി വന്ന സിനിമയാണ് അന്നപൂരണി. ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളും ഒരു വിഭാഗം ആളുകളുടെ വിദ്വേഷത്തിന് കാരണമായി. തമിഴ്‌നാട്ടിലെ അഗ്രഹാര കുടുംബത്തില്‍ ജനിച്ച അന്നപൂരണി എന്ന യുവതിയുടെ കഥയാണ് സിനിമയില്‍. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അന്നപൂരണി ഒരു ഷെഫ് ആവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിലെ ചില സീനുകള്‍ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു. ബ്രാഹ്‌മിന്‍ ആയ യുവതി മുസ്ലിം യുവാവിനെ പ്രണയിക്കുന്നതും, നോണ്‍ വെജ് കഴിക്കുന്നതും, ബിരിയാണി ഉണ്ടാക്കുന്നതിന് മുമ്പ് ബുര്‍ഖ ധരിച്ച് നിസ്‌കരിക്കുന്നതുമായ സീനുകള്‍ ബ്രാഹ്‌മണ സമൂഹത്തെ അവഹേളിക്കുന്നതാണെന്നും, വനവാസകാലത്ത് രാമന്‍ വേട്ടയാടി കിട്ടിയ മാംസം കഴിച്ചിട്ടുണ്ടെന്നുമുള്ള ഡയലോഗ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും തീവ്ര വലതുപക്ഷ സംഘടനകള്‍ ആരോപിച്ചു. സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് പിന്‍വലിക്കണമെന്നും ഇത്തരം സിനിമകള്‍ ബോയ്‌ക്കോട്ട് ചെയ്യണമെന്നും സമൂഹമാധ്യമങ്ങളില്‍ വലതുപക്ഷ ചായ്വുളള അക്കൗണ്ടുകളില്‍ നിന്ന് ആഹ്വാനം ഉയര്‍ന്നിരുന്നു.

ഇതിനുപുറമെ ഹിന്ദു ഐ.ടി. സെല്‍ സ്ഥാപകന്‍ രമേശ് സോളങ്കിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് നയന്‍താര, ജയ്, സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ആര്‍ രവീന്ദ്രന്‍, പീയൂഷ് ഗോയങ്കെ, ജതിന്‍ സേത്തി, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യാ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രശ്‌നം വിവാദമായതോടെ നെറ്റ്ഫ്‌ളിക്‌സ് അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് സിനിമ നീക്കം ചെയ്തു. സെന്‍സര്‍ബോര്‍ഡിന്റെ കൈയില്‍ നിന്ന് പ്രദര്‍ശനാനുമതി ലഭിച്ച് തിയേറ്റില്‍ റിലീസായ ഒരു  സിനിമയുടെ അവസ്ഥയാണിത്.

ഇതിനു പിന്നാലെയാണ് നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ജയ് ശ്രീ റാം എന്ന തലക്കെട്ടോടെ മാപ്പെഴുതിയ കുറിപ്പ് പങ്കുവെച്ചത്. താനും മിക്കപ്പോഴും അമ്പലങ്ങളില്‍ പോകുന്ന വിശ്വാസിയാണെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കാനുള്ള ഉദ്ദേശം സിനിമക്ക് ഉണ്ടായിരുന്നില്ലെന്നും ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് താരം കുറിപ്പില്‍ എഴുതിയത്.

നാലു വര്‍ഷം മുന്നേ നയന്‍താര ദേവിയായി എത്തിയ മൂക്കുത്തി അമ്മന്‍ എന്ന സിനിമക്കെതിരേയും ഇതുപോലെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രം സന്യാസി സമൂഹത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു വാദം. ചിത്രത്തിലെ വില്ലനായ സന്യാസി കഥാപാത്രത്തോട് എല്ലാം ത്യജിച്ച് സന്യാസം സ്വീകരിച്ചവര്‍ എന്തിന് രാഷ്ട്രീയത്തിലേക്കിറങ്ങണം എന്ന ചോദ്യം യോഗി ആദിത്യനാഥിനെ കുറി വെച്ചതാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് മാപ്പ് പറയേണ്ടി വന്നിരുന്നില്ല. നാല് വര്‍ഷത്തിനുള്ളില്‍ നാട് മാറിയ മാറ്റം ഭയപ്പെടുത്തുന്നതാണ്.

എന്നാല്‍ അറിയപ്പെടുന്ന സന്യാസിയും ആലുവ അദ്വൈതാശ്രമത്തിന്റെ സ്ഥാപകനുമായ സ്വാമി ചിദാനന്ദപുരി ഈയിടെ രാമായണത്തില്‍ രാമന്‍ മാംസം കഴിച്ചതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ‘വാത്മീകി രാമായണമാണ് ഏറ്റവും ആധികാരികമായത്. അതില്‍ ഒരുപാട് ഭാഗങ്ങളില്‍ രാമനും ലക്ഷ്മണനും സീതയുമെല്ലാം മാംസം കഴിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇത്രയൊക്കെ മാംസം കഴിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചുപോവുന്ന തരത്തില്‍ അവര്‍ മാംസം കഴിച്ചതായി രാമായണത്തില്‍ പറയുന്നുണ്ട്’ ചിദാനന്ദപുരി പറഞ്ഞു.

51 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാല്യം എന്ന സിനിമയില്‍ ദേവീവിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന വെളിച്ചപ്പാടിന്റെ കഥാപാത്രത്തെ ചൊല്ലി ഇവിടെ വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല. ആരുടെയും വികാരം വ്രണപ്പെടുത്തിയിരുന്നില്ല. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വെളിച്ചപ്പാടിനെ അവതരിപ്പിച്ച പി.ജെ. ആന്റണിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ 10 വര്‍ഷം മുന്നേ ഇറങ്ങിയ പി.കെ എന്ന ആമിര്‍ ഖാന്‍ ചിത്രത്തിന് നേരെയും ഇതുപോലെ വലതുപക്ഷത്തിന്റെ ആക്രമണം നേരിട്ടിരുന്നു. ആമിറിനോട് പാകിസ്ഥാനിലേക്ക് പോകണമെന്നും ബി.ജെ.പി യുടെ നേതാക്കള്‍ പറഞ്ഞിരുന്നു. പോയ വര്‍ഷം റിലീസായ ഫര്‍ഹാന എന്ന തമിഴ് ചിത്രത്തിന് നേരെയും ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രമായെത്തിയ സിനിമ മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നു എന്ന ചില മുസ്ലിം സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് സിനിമയുടെ നിര്‍മാതാക്കള്‍ മാപ്പുമായി രംഗത്തെത്തിയിരുന്നു. കലയെ കലയായി കാണാതെ അതില്‍ വര്‍ഗീയത കലര്‍ത്തുന്ന ഇത്തരം പ്രവണതകള്‍ ഭയപ്പെടുത്തുന്നതാണ്.

Content Highlight: Apology of Nayanthara about Annapoorani movie and other controversies about movies