| Thursday, 23rd March 2023, 3:34 pm

എല്ലാവര്‍ക്കും നല്ലത് വരട്ടെ, രാജ്യ ക്ഷേമത്തിനായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്‌: കങ്കണ റണാവത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ വീഡിയോയുമായി കങ്കണ റണാവത്ത്. ഒരിക്കലും വിശ്രമിക്കാന്‍ അനുവദിക്കാത്ത ശത്രുക്കളോട് നന്ദിയുണ്ടെന്നും അവരാണ് പോരാടാന്‍ പ്രേരിപ്പിച്ചതെന്നും കങ്കണ പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കങ്കണ പറഞ്ഞു.

‘എന്റെ ശത്രുക്കള്‍ ഒരിക്കലും വിശ്രമിക്കാന്‍ അനുവദിച്ചിട്ടില്ല. എത്ര വിജയം കൈവരിച്ചിട്ടും അവരെന്നെ വീണ്ടും മുന്നേറാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എങ്ങനെ പോരാടണമെന്നും പ്രതിസന്ധികളെ നേരിടണമെന്നും അവര്‍ എന്നെ പഠിപ്പിച്ചു. അവരോടെന്നും നന്ദിയുണ്ടാവും.

സുഹൃത്തുക്കളെ, എന്റെ ആശയം വളരെ ലളിതമാണ്. എന്റെ പ്രവര്‍ത്തികളും ചിന്തകളും ലളിതമാണ്. എല്ലാവര്‍ക്കും നല്ലത് വരണേയെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു,’ കങ്കണ പറഞ്ഞു.

എമര്‍ജെന്‍സിയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന കങ്കണയുടെ പുതിയ ചിത്രം. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയേയും അടിയന്തരാവസ്ഥയേയും കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്.

അതേസമയം കങ്കണയുടെ പരാജയ ചിത്രമായ തലൈവിയുടെ നഷ്ടപരിഹാരമായി ആറ് കോടി രൂപ ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തിയ ചിത്രമാണ് തലൈവി. എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇതെങ്കിലും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിച്ചിരുന്നില്ല.

Content Highlight: Apologies if what I have said for the welfare of the country has hurt anyone says Kangana Ranaut

We use cookies to give you the best possible experience. Learn more