വാഷിംഗ്ടണ്‍: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ പൈലറ്റായിരുന്ന മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മൈക്കിള്‍ കാന്‍സര്‍ബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
നാഷണല്‍ എയര്‍ ആന്റ് സ്‌പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി കൂടി പ്രവര്‍ത്തിച്ച കോളിന്‍സ്, ബഹിരാകാശവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും രചിച്ചിരുന്നു. പൊതുമണ്ഡലത്തില്‍ എപ്പോഴും മാറിനിന്ന മൈക്കിള്‍ കോളിന്‍സ്, 1974ല്‍ ചന്ദ്രദൗത്യത്തിലെ അനുഭവം പങ്കുവെച്ചുകൊണ്ട് ‘Carrying the Fire’ എന്ന പേരില്‍ ആത്മകഥ എഴുതിയിരുന്നു.
1930ല്‍ യു.എസ് ആര്‍മി മേജര്‍ ജനറലിന്റെ മകനായി ജനിച്ച മൈക്കിള്‍ കോളിന്‍സ്, പഠനത്തിന് ശേഷം എയര്‍ ഫോഴ്‌സില്‍ ടെസ്റ്റ് പൈലറ്റായി ചേര്‍ന്നു. നാസയുടെ ചാന്ദ്രദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്കിള്‍ ജെമിനി എക്‌സിലാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നത്. രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്രയായിരുന്നു അപ്പോളോ 11.
അപ്പോളോ 11ല്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. 1969 ജൂലൈ 20ന് നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ബഹിരാകാശ വാഹനം നിയന്ത്രിച്ചിരുന്ന മൈക്കിള്‍ കോളിന്‍സ് മാത്രം ഇറങ്ങിയില്ല.
നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും തിരിച്ചെത്തുന്നതുവരെ, 21 മണിക്കൂറോളം ഒറ്റയ്ക്കായിരുന്നു മൈക്കിള്‍ അപ്പോളോ 11 നിയന്ത്രിച്ചത്. ഇതിനിടയില്‍ പല തവണ ഹൂസ്റ്റണിലെ സ്റ്റേഷനുമായി ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. ആദത്തിന് ശേഷം, അത്രയും ഏകാന്തത അനുഭവിച്ച മനുഷ്യന്‍ മൈക്കിള്‍ കോളിന്‍സായിരിക്കും എന്നായിരുന്നു അന്ന് ചിലര്‍ എഴുതിയത്.
ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെ ലോകം മുഴുവന്‍ ആഘോഷിച്ചു. ബസ് ആല്‍ഡ്രിനും ഒരുപരിധി വരെ പ്രശസ്തി നേടാനായി. എന്നാല്‍ അതേ ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ച മൈക്കിള്‍ കോളിന്‍സ് മാത്രം എവിടെയും രേഖപ്പെടുത്താതെ, ആരും ഓര്‍ക്കാതെ കടന്നുപോകുകയായിരുന്നു.
‘Forgotten Astronaut’ എന്നാണ് പലരും പിന്നീട് അദ്ദേഹത്തിന്റെ വിശേഷിപ്പിച്ചിരുന്നത്. മൈക്കിള്‍ കോളിന്‍സിന്റെ മരണവാര്‍ത്തകളിലും പ്രധാനമായും ഇതേ പ്രയോഗം തന്നെയാണ് കടന്നുവരുന്നത്.
മാധ്യമശ്രദ്ധയില്‍ നിന്നും അപ്പോളോ 11ലെ മൂവരെയും തേടിയെത്തിയ താരപരിവേഷങ്ങളില്‍ നിന്നും അകന്നുനടന്ന മൈക്കിള്‍ കോളിന്‍സ്, സെലിബ്രിറ്റികളാക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പും പല തവണ അറിയിച്ചിട്ടുണ്ട്.
‘അപ്പോളോ 11ലെ മൂന്ന് സീറ്റുകളില്‍ ഏറ്റവും മികച്ചതാണ് എനിക്ക് കിട്ടിയതെന്ന് പറഞ്ഞാല്‍ അതൊരു നുണയായിരിക്കും. പക്ഷെ, എനിക്ക് കിട്ടിയ സീറ്റില്‍ ഞാന്‍ പരിപൂര്‍ണ്ണ സംതൃപ്തനാണെന്ന്, തികഞ്ഞ സത്യസന്ധതയോടും സമചിത്തതയോടും കൂടി എനിക്ക് പറയാന്‍ സാധിക്കും,’ കോളിന്‍സ് ഒരിക്കല്‍ പറഞ്ഞു.
ഒരിക്കല്‍ അപ്പോളോ 11നെ പറ്റിയുള്ള ഏറ്റവും ശക്തമായ ഓര്‍മ്മയെ പറ്റി ചോദിച്ചപ്പോള്‍ അത്രയും ദൂരെ നിന്നും ഭൂമിയെ കണ്ടപ്പോള്‍ തോന്നിയ അനുഭവമായിരുന്നു അദ്ദേഹം പറഞ്ഞത്. തികച്ചും ദുര്‍ബലമായിരുന്ന ഒന്നായിട്ടാണ് ഭൂമിയെ തോന്നിയതെന്നായിരുന്നു കോളിന്‍സിന്റെ വാക്കുകള്‍.
‘ലക്ഷകണക്കിന് മൈലുകള്‍ ദൂരെ നിന്ന്, ഭൂമിയെ കാണാന്‍ ഇവിടുത്തെ രാഷ്ട്രീയാധികാരികള്‍ക്ക് അവസരം ലഭിച്ചാല്‍ അവരുടെ കാഴ്ചപ്പാടുകളില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിപ്രധാനമെന്ന് പറയുന്ന ഈ അതിര്‍ത്തികള്‍ കാണാതാകും, അനാവശ്യ വാഗ്വാദങ്ങളെല്ലാം നിശബ്ദമാകും,’ കോളിന്‍സ് പറഞ്ഞു.
കോളിന്‍സിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ബസ് ആല്‍ഡ്രിന്‍ എഴുതി, ‘പ്രിയപ്പെട്ട മൈക്ക്, നീ എവിടെയായിരുന്നാലും ഞങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള തീ നിന്റെ കയ്യിലുണ്ടാകുമെന്ന് ഉറപ്പാണ്.’
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Apollo 11 pilot Michael Collins passes away