ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാറില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നാലും ബി.ജെ.പിയില്‍ ലയിക്കാനില്ലെന്ന് അപ്‌നാ ദള്‍. അനുപ്രിയ പട്ടേലിന് മന്ത്രിസ്ഥാനം നല്‍കുന്നതിനു മുമ്പ് ബി.ജെ.പിയില്‍ ലയിക്കാന്‍ അവര്‍ അപ്‌നാ ദളിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘ലയനത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. അപ്‌നാ ദള്‍ ശക്തി പ്രാപിച്ചുവരികയാണ്. ഞങ്ങളെ പിന്തുണച്ച ജനങ്ങളെ ഞങ്ങള്‍ വഞ്ചിക്കില്ല.’ മുതിര്‍ന്ന അപ്‌നാ ദള്‍ എം.എല്‍.എ പറഞ്ഞു.
ബി.ജെ.പിയില്‍ ലയിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അനുപ്രിയ പട്ടേലും പലതവണ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രസിഡന്റും അനുപ്രിയയുടെ ഭര്‍ത്താവുമായ അഷിഷ് സിങ്ങും അവരുടെ നിലപാടിനെ പിന്തുണച്ചിരുന്നു.
‘ പിളരല്‍ ഉള്‍പ്പെടെ പല പ്രതിസന്ധികളേയും ഞങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ അനുപ്രിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുപാട് ദൂരം മുന്നോട്ടുപോയിട്ടുണ്ട്.’ എം.എല്‍.എ പറയുന്നു.
അനുപ്രിയ പട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേല്‍ റൊഹാനിയ ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും പരാജയത്തിന് അനുപ്രിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തതിനു പിന്നാലെ 2014ല്‍ അപ്‌നാ ദള്‍ പിളര്‍ന്നിരുന്നു. കൃഷ്ണ പട്ടേല്‍ അനുപ്രിയയെ പാര്‍ട്ടില്‍ നിന്നു പുറത്താക്കിയശേഷമാണ് അവര്‍ അപ്‌നാ ദള്‍ രൂപീകരിച്ചത്.
അനുപ്രിയയും മാതാവും തമ്മിലുള്ള തര്‍ക്കും ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കൃഷ്ണ പട്ടേലിന് കഴിഞ്ഞിരുന്നില്ല.
കുര്‍മി വോട്ടുബാങ്കില്‍ പിടിമുറുക്കാനാണ് ബി.ജെ.പി അപ്‌നാ ദളിന്റെ ലയനം ആഗ്രഹിക്കുന്നത്. ഭാവിയില്‍ മറ്റ് സഖ്യകളുടെ സാധ്യത മനസില്‍വെച്ചാണ് അപ്‌നാ ദള്‍ ഇതിനു വിസമ്മതിക്കുന്നത്.