| Saturday, 23rd February 2019, 9:26 am

ബി.ജെ.പി സഖ്യകക്ഷി കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ നടത്തി; യു.പിയില്‍ ബി.ജെ.പി വീണ്ടും പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ നില കൂടുതല്‍ പരിതാപകരമാക്കിക്കൊണ്ട് കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ നടത്തി ബി.ജെ.പി സഖ്യകക്ഷി അപ്‌നാ ദള്‍. തങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനം ശരിയല്ലെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസാന അവസരം എന്ന നിലയ്ക്ക് അപ്‌നാ ദള്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഫെബ്രുവരി 20 വരെ സമയം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് തങ്ങളുടെ വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അപ്‌നാ ദള്‍ നേതാവും യു.പി മന്ത്രിയുമായ അനുപ്രിയ പട്ടേല്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നേതൃത്വത്തിന് അനുവദിച്ച കാലാവധി അവസാനിച്ചയുടന്‍ പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുമായി അപ്‌നാ ദള്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും സഖ്യം അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അപ്‌നാ ദളിനെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധം; ശിവസേന നേതാവും അണികളും രാജിവെച്ചു

“ഞങ്ങള്‍ക്ക് ബി.ജെ.പിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് ഫെബ്രുവരി 20 വരെ സമയവും നല്‍കി. എന്നാല്‍ ബി.ജെ.പി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല, സഖ്യകക്ഷികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബി.ജെ.പി തയ്യാറല്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്. അതുകൊണ്ടു തന്നെ അപ്‌നാ ദളിന് സ്വന്തം പാത തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്”- അനുപ്രിയ പറഞ്ഞു.

യു.പിയിലെ മറ്റൊരു ബി.ജെ.പി സഖ്യ കക്ഷിയായ സുഹ്ലദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ബി.ജെ.പിയുടെ സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്‍.ഡി.എയില്‍ നിന്ന് പുറത്തു പോകുമെന്ന പാര്‍ട്ടി നേതാവ് ഒ.പി രാജ്ഭറിന്റെ ഭീഷണിക്കു പിന്നാലെ മുഖ്യമന്ത്രി ആദിത്യനാഥ് രാജ്ഭറുമായി ചര്‍ച്ച നടത്തിയിരുന്നു.

Also Read ഇന്ത്യാ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി അതിഥികള്‍

കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്താനാഗ്രഹിക്കുന്ന കിഴക്കന്‍ യു.പിയിലെ ഒ.ബി.സി വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് അപ്‌ന ദള്‍. എസ്.പി-ബി.എസ്.പി സഖ്യവും സംസ്ഥാനത്തെ ശക്തമായ ഭരണവിരുദ്ധ വികാരവും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നിരിക്കെ സഖ്യത്തിനുള്ളിലെ പുതിയ വികാസങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more