ചൈനയിലെ ഒരു പ്രമുഖ സര്‍വ്വകലാശാലയില്‍ ഹോണററി പ്രൊഫസര്‍ സ്ഥാനത്തിനര്‍ഹനാകുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളായി മാറി 83 വയസ്സുകാരനായ എ.പി.ജെ അബ്ദുള്‍കലാം.
“സര്‍വ്വകലാശാലകള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നു പറയുന്നതിലൂടെ രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് മനസ്സിലാക്കാനും അതിലൂടെ ലോകസമാധാനത്തിനും സമൃദ്ധിക്കും അത് സാരമായി സംഭാവന ചെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നു.” കലാം പറഞ്ഞു.
“സുസ്ഥിര വികസന പദ്ധതിയും സര്‍ഗാത്മക നേതൃത്വവും” എന്ന വിഷയത്തില്‍ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ക്ലാസെടുത്തു. സര്‍വ്വകലാശാല അധ്യക്ഷന്‍ എങ് വാങ് അദ്ദേഹത്തിന് ബഹുമതിപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അശോക് കെ. കാന്ത ചടങ്ങില്‍ സന്നിഹിതനായിരുന്നു.
“ഭൂമിയിലേക്ക് ഊര്‍ജ്ജമെത്തിക്കുകയെന്നതിന് തടസ്സങ്ങള്‍ ഒരുപാടുണ്ട് എന്നാല്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അത് സാധ്യമാകും. ബഹിരാകാശ സൗരോര്‍ജ്ജത്തിനു വേണ്ടി രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ചാല്‍ കാര്‍ബണ്‍ വിമുക്ത നഗരങ്ങള്‍ എങ്ങും നമുക്ക് കാണാനാകും”. കലാം പറഞ്ഞു.
വിദ്യാര്‍ത്ഥികളുമായുള്ള ചോദ്യോത്തര വേളയില്‍ കൂടുതല്‍ സമയവും സംസാരിച്ചത് കലാം തന്നെയായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ അധ്യാപകര്‍ക്ക് ഇടയില്‍ കയറി സംസാരിക്കേണ്ടി വന്നു.
രണ്ടു രാജ്യങ്ങളും ഒന്നിച്ചുചേര്‍ന്ന് സൗരോര്‍ജ്ജം ഉല്പാദിപ്പിക്കാനുതകുന്ന ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും അതിലൂടെ ശുദ്ധമായ ഊര്‍ജ്ജം ലോകത്തിനു പ്രദാനം ചെയ്യണമെന്ന് ഇന്ത്യയും ചൈനയും തമ്മില്‍ എങ്ങനെ ശുദ്ധമായ ഊര്‍ജ്ജ ഉല്പാദനത്തിന് സഹകരിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
നിലവില്‍ പകല്‍ മാത്രമേ സൗരോര്‍ജ്ജ ഉല്പാദനം സാധ്യമാവുകയുള്ളു. അതേസമയം ഉപഗ്രഹങ്ങള്‍ വഴി എല്ലായിപ്പോഴും സൗരോര്‍ജ്ജം ഉല്പാദിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടന്നു വരികയാണ്.