| Thursday, 3rd October 2024, 2:52 pm

തില്ലങ്കേരിയുമായി എ.ഡി.ജി.പി കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് സി.പി.ഐ.എം-സി.പി.ഐ ജില്ലാ സെക്രട്ടറിമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ദേശീയ നേതാക്കള്‍ക്കുപുറമെ സംസ്ഥാന ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി എ.ഡി.ജി.പി അജിത് കുമാര്‍. ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയും അജിത് കുമാറും തമ്മില്‍ കൂടിക്കാഴ്ച നടന്നതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

എ.ഡി.ജി.പിയും തില്ലങ്കേരിയും കൂടിക്കാഴ്ച്ച നടത്തിയതിന്റെ വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോർട്ടുകളിൽ സ്ഥിരീകരണമുണ്ടാകുന്നത്.

വത്സന്‍ തില്ലങ്കേരിയും എ.ഡി.ജി.പി അജിത് കുമാറും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതിന്റെ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ പുറത്തുകൊണ്ടുവന്നത് വയനാട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയാണ്. ഓഗസ്റ്റ് നാലിന് എ.ഡി.ജി.പിയും തില്ലങ്കേരിയും കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി അറിയിച്ചത്. വിവരങ്ങള്‍ എ.കെ.ജി സെന്ററിന് നേതൃത്വം കൈമാറുകയും ചെയ്തിരുന്നു.

എ.ഡി.ജി.പിയും ആര്‍.എസ്.എസ് നേതാവും കൂടിക്കാഴ്ച്ച നടത്തിയെന്ന് വയനാട് സി.പി.ഐ നേതൃത്വവും നേരത്തെ ആരോപിച്ചിരുന്നു. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നതായും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

മുണ്ടക്കൈ-ചൂരല്‍മലയിലെ ഭക്ഷണവിതരണത്തില്‍ എ.ഡി.ജി.പി ഇതിനുശേഷമായിരിക്കും ഇടപ്പെട്ടതെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ആര്‍.എസ്.എസ് നേതാവ് തന്നെ കൂടിക്കാഴ്ച്ച സ്ഥിരീകരിക്കുകയും ചെയ്തു. മുന്‍കൂട്ടി തീരുമാനിച്ച കൂടിക്കാഴ്ച്ച ആയിരുന്നില്ലെന്നും അവിചാരിതമായാണ് അജിത് കുമാറിനെ കണ്ടെതെന്നുമാണ് തില്ലങ്കേരി പറഞ്ഞത്.

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ കാണുന്നതിനായാണ് കല്‍പ്പറ്റയിലെ ഹോട്ടലിലെത്തിയത്. അന്നേരം അവിടെ എ.ഡി.ജി.പി അജിത് കുമാറുമുണ്ടായിരുന്നു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച്ച ഉണ്ടായതെന്നുമാണ് തില്ലങ്കേരി പറഞ്ഞത്.

ഇതിനുപുറമെ തൃശൂര്‍പൂരം അലങ്കോലമാക്കിയതിലും വത്സന്‍ തില്ലങ്കേരിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സി.പി.ഐ നേതാവും തൃശൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് തില്ലങ്കേരിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താന്‍ ആര്‍.എസ്.എസ് നേതാക്കള്‍ തീരുമാനിച്ചിരുന്നെന്നായിരുന്നു ആരോപണം.

Content Highlight: Apart from RSS national leaders, ADGP also met Vatsan Thillankeri

We use cookies to give you the best possible experience. Learn more