| Sunday, 7th August 2022, 11:37 am

തെലുങ്ക്, തമിഴ്, മലയാളം; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകള്‍ അമ്മാനമാടി ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമം മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസിലും റെക്കോഡ് കളക്ഷനാണ് വാരുന്നത്.

മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനത്തിനാണ് ഏറ്റവുമധികം കയ്യടി കിട്ടിയത്. മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത ചിത്രത്തിലെ ഏകതാരവും ദുല്‍ഖര്‍ തന്നെയാണ്. മലയാളത്തിന് പുറമേ തമിഴും തെലുങ്കും അനായാസമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്തത്.

മലയാളിത്തം കടന്നുവരാത്ത രീതിയില്‍ പ്രാദേശിക രീതിയില്‍ തന്നെ തമിഴും തെലുങ്കും കൈകാര്യം ചെയ്യുന്നതില്‍ ദുല്‍ഖര്‍ വിജയിച്ചിട്ടുണ്ട്. സാധാരണ താരങ്ങള്‍ മാത്യഭാഷയൊഴികെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ പ്രൊനണ്‍സിയേഷന്‍ അരോചകമാവാറുണ്ട്. അല്ലെങ്കില്‍ മാതൃഭാഷയുടെ സ്ലാങുകള്‍ ഡബ്ബിങ്ങിലേക്ക് വരാറുണ്ട്.

ഏത് ഭാഷ ഡബ്ബ് ചെയ്താലും അതേ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് ദുല്‍ഖറും സ്ഥാനം ഉറപ്പിക്കുകയാണ്. നേരത്തെ തന്നെ താരത്തിന്റെ ആദ്യ തമിഴ് ചിത്രമായ ഒ.കെ കണ്‍മണിയില്‍ പെര്‍ഫോമന്‍സിനൊപ്പം ഡബ്ബിങും ഭേദപ്പെട്ട രീതിയില്‍ അവതരിപ്പിക്കാനായിരുന്നു. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റമായ കാരവാനിലും ഡബ്ബിങ്ങില്‍ ദുല്‍ഖര്‍ മികവ് പുലര്‍ത്തിയിരുന്നു.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമായ ദുല്‍ഖര്‍ സീതാ രാമത്തിലെത്തുമ്പോള്‍ ഡബ്ബിങ്ങില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്.

സീതാ രാമത്തിന്റെ മലയാളം വേര്‍ഷനില്‍ രമേശ് പിഷാരടിയുടെ ശബ്ദവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകന്‍ റാമിന്റെ സുഹൃത്തായ ദുര്‍ജോയിയുടെ കഥാപാത്രത്തിനാണ് രമേശ് പിഷാരടി മലയാളത്തില്‍ ശബ്ദം നല്‍കിയത്. വെണ്ണല കിഷോറാണ് ചിത്രത്തില്‍ ദുര്‍ജോയിയായി വേഷമിട്ടത്. ഇദ്ദേഹത്തിന്റെ രസകരമായ അഭിനയത്തേയും മുന്നിട്ട് നില്‍ക്കുന്നതായിരുന്നു രമേശ് പിഷാരടിയുടെ ഡബ്ബിങ്.

ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുമന്ദ്, പ്രകാശ് രാജ്, ഭൂമിക, ഗൗതം വാസുദേവമേനോന്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content highlight: Apart from Malayalam, Dulquer handled Tamil and Telugu with ease in sita ramam 

We use cookies to give you the best possible experience. Learn more