സെക്സ് എജ്യുക്കേഷന്‍ അഥവാ ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ തുടങ്ങണമെന്ന വനിത കമ്മീഷന്റെ നിലപാട് അഭിനന്ദിക്കപ്പെടണം. ഇത് എന്നോ തുടങ്ങേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അത് എന്തുകൊണ്ട് എന്നതിലേക്കാണ് ഞാന്‍ വരുന്നത്.
അതിന് മുന്‍പ് മറ്റൊരു കാര്യം പരിശോധിക്കപ്പെടണം. ഇങ്ങനെയൊരു നിര്‍ദേശം വന്ന സമയം മുതല്‍ നമ്മുടെ ആളുകളുടെ അസ്വസ്ഥതയും ആഭാസത്തരവും എത്രത്തോളം ഉണ്ട് എന്നത് ഈ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ പറയും. ഇത് നോക്കി കഴിഞ്ഞാല്‍ സെക്‌സ് എജ്യുക്കേഷന്‍ എത്രത്തോളം അനിവാര്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
വനിതാ കമ്മീഷന്‍ ഇതിനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സെക്‌സ് എന്ന വാക്കാണ് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. എന്തുകൊണ്ട്? കാരണം വീടുകളില്‍ ഇന്നും സെക്‌സ് എന്ന വാക്ക് ഒരു സാധാരണ വാക്കായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.
കുട്ടികള്‍ക്ക് നമ്മള്‍ സെക്‌സ് എന്താണെന്നോ സെക്‌സ് എജ്യുക്കേഷന്‍ എന്താണെന്നോ കൃത്യ സമയങ്ങളില്‍ പറഞ്ഞുകൊടുക്കുന്നില്ല. അടച്ച വാതിലിനു പിന്നില്‍ അല്ലെങ്കില്‍ പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമുള്ള ഫിസിക്കല്‍ ആക്ടിവിറ്റിയായിട്ടാണ് ഇന്നും പല വീടുകളിലും സെക്‌സ് കാണപ്പെടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത്.
രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ചെയ്യുന്ന ഒരു ആക്ടിവിറ്റിയാണ് അത്. പരസ്പര സമ്മതത്തോടെ എന്ന വാക്ക് ഞാന്‍ ആവര്‍ത്തിക്കട്ടെ. കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഇഷ്ടത്തിന് നോ പറഞ്ഞു. ആ നോ എന്നുള്ളത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ഈ ഇഷ്ടം പലപ്പോഴും ഒരു വ്യക്തിക്ക് ഉള്‍ക്കൊള്ളാനൊ അത് ആവശ്യപ്പെടുന്ന രീതിയില്‍ എടുക്കാനോ കഴിയാതെ വരുമ്പോഴാണ് എന്റെ ഇഷ്ടം മാത്രമേ ഞാന്‍ നോക്കൂ എന്ന ചിന്താഗതിയില്‍ അത് വേറൊരു ആളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതാണ് പല വീടുകളിലും ഡാര്‍ക്ക് സ്‌പേസുകളില്‍ നടക്കുന്നത്.
ഞങ്ങള്‍ക്കൊരു കൗണ്‍സിലിങ്ങ് സെന്ററുള്ളതിനാലും നമ്മളൊരു എജ്യുക്കേഷന്‍ സ്‌പെയ്‌സിലായതിനാലും സ്പഷ്ടമായി ഒരു കാര്യം പറയാം. എത്രയോ സ്ത്രീകള്‍ ഞങ്ങളുടെ അടുത്ത് വന്ന് പറയാറുണ്ട് അവര്‍ ഇതുവരെ ഓര്‍ഗാസം അനുഭവിച്ചിട്ടില്ല എന്ന്.
അതിന് രണ്ട് വ്യക്തികള്‍ അവരുടെ സെക്ഷ്വാലിറ്റി എന്താണ് എന്ന് ആദ്യം മനസിലാക്കണം. അവരുടെ പാര്‍ട്ണറുടെ സെക്ഷ്വാലിറ്റി എന്താണെന്ന് മനസിലാക്കണം. അതിന് സെക്ഷ്വാലിറ്റി എന്ന വാക്ക് എന്താണെന്ന് മനസിലാകണം. നമ്മുടെ സെക്ഷ്വല്‍ പ്രിഫറന്‍സുകള്‍ എന്താണെന്നും നമ്മുടെ സെക്ഷ്വാലിറ്റി എന്തൊക്കെയാണ് എന്നുള്ളത് അറിയുകയും വേണം. അതിന് മറ്റൊരു വ്യക്തിയുടെ സ്‌നേഹവും, സമ്മതവുമെല്ലാം ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഇത് ഇല്ലാതാക്കുമ്പോള്‍ ഇതൊരു ഫിസിക്കല്‍ ആക്ടിവിറ്റി മാത്രമായി മാറുകയാണ്.
ഞങ്ങളുടെ അടുത്ത് വരുന്ന പേഷ്യന്‍സിന്റെ കാര്യം നോക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും ഓര്‍ഗാസം അനുഭവിക്കാന്‍ പറ്റുന്നില്ല. കാരണം ഒരു പുരുഷന് ആ സമയത്ത് എന്താണോ തൃപ്തിപ്പെടുത്തേണ്ടത് അത് നേടിയെടുക്കുക എന്നത് മാത്രമായി ചുരുങ്ങുകയാണ് സെക്‌സ് എന്നത്.
അതുകൊണ്ട് തന്നെ ഇതിനെ പറ്റി സംസാരിക്കാനോ ഇതില്‍ ഹെല്‍ത്തിയായിട്ടുള്ള സെക്‌സ് എന്താണ് എന്നത് ചര്‍ച്ച ചെയ്യാനുള്ള സാഹചര്യമൊ വീടുകളില്‍ ഇല്ല. എന്താണ് പ്രോപ്പര്‍ ആയിട്ടുള്ള സെക്‌സ്? എന്താണ് സമ്മതത്തോടുക്കൂടിയുള്ള സെക്‌സ്? എന്താണ് പ്ലെഷറബിള്‍ സെക്‌സ്? എന്നുള്ളത് മനസ്സിലാക്കാനോ അത് പറഞ്ഞു കൊടുക്കാനോ ആരും ഇല്ലതാനും.
എന്താണ് പ്രോപ്പറും ഹെല്‍ത്തിയുമായ സെക്സ് എന്നത് കുട്ടിക്ക് മനസിലാകണം. അങ്ങനെയല്ലെങ്കില്‍, സെക്സിനെ പറ്റി മനസിലാക്കാന്‍ അവര്‍ ഗൂഗിള്‍ സെര്‍ച്ചിലേക്കും മറ്റും നീങ്ങും. അത് വഴി അവര്‍ക്ക് ശരിയായ ഉത്തരം ലഭിക്കില്ല. അത് പോണിലേക്കും സെക്സിനെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതിലേക്കുമെല്ലാം ചെന്നെത്തിക്കും. ഇതൊരു കുട്ടി തന്റെ സ്വന്തം ജീവിതത്തില്‍ പ്രാക്ടിക്കലാക്കുന്നത് വളരെ അപകടം പിടിച്ച രീതിയിലായിരിക്കും.
ഇന്നത്തെ കാലത്ത് ഒരു അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ തുടങ്ങി നമ്മുടെ ശരീരത്തെയും സെക്ഷ്വാലിറ്റിയെ കുറിച്ചും കുട്ടികളെ ബോധവാനാക്കുകയും അവരെ പറഞ്ഞ് മനസിലാക്കുകയും വേണം.
ആരോട് വേണമെങ്കിലും ആകര്‍ഷണം തോന്നാം. ഇന്നിപ്പോള്‍ LGBTQ+ തുടങ്ങിയ എല്ലാ ഇന്‍ഡിവിജ്വല്‍ എക്‌സ്പ്രഷനും ജെന്‍ഡര്‍ ഐഡന്റിറ്റിയും നിലനില്‍ക്കുന്ന സമയത്ത് കുട്ടികളോട് നമ്മള്‍ പറഞ്ഞ് മനസിലാക്കണം, നിങ്ങള്‍ക്ക് നിങ്ങളുടെ ജെന്‍ഡറില്‍ ഉള്‍പ്പെടുന്നവരോടും ആകര്‍ഷണം തോന്നാം എന്ന്.
ഇത്രയും ലോകം മുന്നോട്ട് പോയിട്ടും സെക്‌സ് എന്ന ഈ മൂന്ന് അക്ഷരത്തിന്റെ പുറത്ത് ഒരു കാര്യവുമില്ലാതെ അനാരോഗ്യപരമായ ചര്‍ച്ചകളാണ് നടക്കുന്നത്. ആ കമന്റുകള്‍ വായിക്കുമ്പോള്‍ അതില്‍ എഴുതിയ പലരുടെയും സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ നമുക്ക് മനസിലാവുന്നുണ്ട്. സെക്‌സിനെ ഒരു പ്ലെഷറിബിള്‍ ആക്ടിവിറ്റിയായിട്ടാണ് നിങ്ങള്‍ ആസ്വദിക്കുന്നതെങ്കില്‍ നിങ്ങളുടെ പങ്കാളികളുടെ സെക്ഷ്വാലിറ്റിയെ പറ്റി നിങ്ങള്‍ മനസ്സിലാക്കണം.