'നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അത് ചോദിക്കൂ; നാഷന്‍ വാണ്‍ട്‌സ് ടു നോ എന്ന് ഇനി മിണ്ടരുത് '; അര്‍ണബിനെ പരിഹസിച്ചുകൊണ്ടുള്ള അപര്‍ണ സെന്നിന്റെ പോസ്റ്റ് എറ്റെടുത്ത് സോഷ്യല്‍ മീഡിയ
India
'നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അത് ചോദിക്കൂ; നാഷന്‍ വാണ്‍ട്‌സ് ടു നോ എന്ന് ഇനി മിണ്ടരുത് '; അര്‍ണബിനെ പരിഹസിച്ചുകൊണ്ടുള്ള അപര്‍ണ സെന്നിന്റെ പോസ്റ്റ് എറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 3:48 pm

ന്യൂദല്‍ഹി: റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുക്കൊണ്ടുള്ള ബോളിവുഡ് സംവിധായക അപര്‍ണാ സെന്നിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു അപര്‍ണാ സെന്നിന്റെ ട്വീറ്റ്. ഇടതടവില്ലാതെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ അര്‍ണബിനെ പരിഹസിച്ചുകൊണ്ടായിരുന്നു അപര്‍ണ സെന്‍ ട്വീറ്റിട്ടത്.

ഉത്തരം പറയാന്‍ ഒരു സെക്കന്റ് സമയം പോലും തരാതെ ചോദ്യം ഉയര്‍ത്തിയ അര്‍ണബിനെതിരെയായിരുന്നു അപര്‍ണ സെന്‍ രംഗത്തെത്തിയത്.

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയായിരുന്നു അപര്‍ണ സിങ് വാര്‍ത്താ സമ്മേളനം നടത്തിയത്. പത്രസമ്മേളനത്തിടെ ലൈവ് ടെലഫോണ്‍ കോളിലെത്തിയ അര്‍ണബ് അപര്‍ണാ സെന്നിനോട് ആക്രോശിക്കുകയായിരുന്നു.

കശ്മീരില്‍ ജാമിയ മസ്ജിദ് പള്ളിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്നായിരുന്നു അര്‍ണബിന്റെ ആദ്യ ചോദ്യം. ജയ് ശ്രീറാം വിളിച്ചതിന്റെ പേരില്‍ 26 കാരനായ കൃഷ്ണദേവ് എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് മറുപടി പറയാനായി അപര്‍ണാ സെന്‍ തയ്യാറെടുത്തെങ്കിലും അര്‍ണബ് ചോദ്യം നിര്‍ത്തിയില്ല. മതപരമായ കാരണങ്ങള്‍ കൊണ്ട് സിനിമാ അഭിനയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് സൈറാ വസീം പറഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ജയ് ശ്രീരാം വിളിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചുകൊന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? മറുപടി പറയൂ. നിങ്ങളെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ലൈവിലാണ് ഇരിക്കുന്നത് ലോകം നിങ്ങളെ കാണുന്നു എന്നെല്ലാം പറഞ്ഞ് ഒരു സെക്കന്റ് സമയം പോലും നല്‍കാതെയായിരുന്നു അര്‍ണബിന്റെ ആക്രോശം.

മറുപടി ആഗ്രഹിച്ചല്ല അര്‍ണബിന്റെ ചോദ്യമെന്ന് മനസിലാക്കി അപര്‍ണ സെന്‍ വാര്‍ത്താസമ്മേളനത്തില്‍ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും ആരംഭിച്ചു. എന്നാല്‍ അര്‍ണബിന്റെ ഉച്ചത്തിലുള്ള ആക്രോശം കൊണ്ട് മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്ന പലചോദ്യങ്ങളും കേള്‍ക്കാന്‍ അപര്‍ണാ സെന്നിന് സാധിച്ചിരുന്നില്ല.

എന്നാല്‍ അര്‍ണബ് അവസാനിപ്പിക്കില്ലെന്ന് കണ്ടതോടെ അപര്‍ണാ സെന്‍ സംസാരം തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ണബിനെ പരിഹസിച്ചുകൊണ്ട് അപര്‍ണ ട്വീറ്റ് ചെയ്തത്.

”ഒരു പത്രപ്രവര്‍ത്തകനുമായുള്ള സാങ്കല്‍പ്പിക സംഭാഷണം: ജേണലിസ്റ്റ്: ഹിന്ദുക്കള്‍ക്ക് മേല്‍ ജസിയ നികുതി( ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന അമുസ്‌ലീങ്ങള്‍ കൊടുക്കേണ്ടതായ നികുതി) ചുമത്തിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു?

ഞാന്‍: അത് പക്ഷേ ഔറംഗസീബിന്റെ കാലത്തായിരുന്നു.

ജേണലിസ്റ്റ്: പിന്നെ എന്തിനാണ് നിങ്ങള്‍ മൗനം പാലിച്ചത്? എനിക്ക് മറുപടി നല്‍കൂ! രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നു!’.- എന്നായിരുന്നു അപര്‍ണാ സെന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് അപര്‍ണാ സെന്നിനെ പിന്തുണച്ച് എത്തിയത്.

അര്‍ണബ് ഗോസ്വാമിക്ക് കൊടുക്കാവുന്ന മികച്ച മറുപടി. ഒരു കാരണവുമില്ലാതെ അയാള്‍ അലറുകയാണ്. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അയാള്‍ തയ്യാറാവുന്നില്ല- എന്നായിരുന്നു ട്വിറ്ററിലെ ഒരു കമന്റ്.

അര്‍ണബിന്റെ ആക്രോശത്തോടുള്ള താങ്കളുടെ പ്രതികരണം അതിശയിപ്പിച്ചു. അത്രയും ഉച്ചത്തില്‍ ഒരാള്‍ ആക്രോശിച്ചിട്ടും ഏറെ മിതത്വത്തോടെ താങ്കള്‍ക്ക് പറയാനുള്ള കാര്യം താങ്കള്‍ പറഞ്ഞ് അവസാനിപ്പിച്ചു.- എന്നായിരുന്നു മറ്റൊരു പ്രതികരണം.

ലജ്ജയില്ലാതെ സ്വയം ‘രാഷ്ട്രം’ എന്ന് വിളിക്കുന്ന ഒരാള്‍. അയാള്‍ക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എനിക്ക് അറിയണം’ എന്ന് പറയണം. അല്ലാതെ രാജ്യത്തിന് വേണ്ടി സംസാരിക്കാന്‍ അദ്ദേഹത്തെ ആരും അധികാരപ്പെടുത്തിയിട്ടില്ല.- എന്നായിരുന്നു മറ്റൊരു പ്രതികരണം.

ആക്രോശത്തിന്റെയും അലര്‍ച്ചയുടെയും മാസ്റ്റര്‍. അദ്ദേഹത്തിന്റെ പെരുമാറ്റം ഒരു കാലത്ത് ഇന്ത്യക്കാര്‍ അറിയപ്പെട്ടിരുന്നതിന് വിപരീതമാണ് .ആതിഥ്യമര്യാദ കാണിക്കുന്നവരാണ് ഇന്ത്യാക്കാര്‍. നിങ്ങളുടെ സ്റ്റുഡിയോയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയും അവര്‍ എത്ര മാന്യരും പരിചയസമ്പന്നരുമാണെങ്കിലും അവര്‍ നിങ്ങളുടെ കാഴ്ചപ്പാട് പങ്കിടുന്നവരല്ല എങ്കില്‍ അവരെ പരിഹസിക്കുകയും ചെയ്യുന്ന രീതി വളരെ ദു:ഖകരമാണെന്നുമായിരുന്നു മറ്റു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.

ചലച്ചിത്രകാരന്മാരായ മണിരത്‌നം, അനുരാഗ് കാശ്യപ്, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍ തുടങ്ങി 49 പ്രമുഖ വ്യക്തികളായിരുന്നു രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മതവിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ജയ് ശ്രീറാം എന്നത് പ്രകോപനപരമായ പോര്‍വിളിയായി മാറുന്നു എന്നും ഇവര്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.